‘തിക്കോടിയില്‍ അടിപ്പാത ലഭിക്കാത്തത് കലക്ടറുടെ നിഷേധാത്മക റിപ്പോര്‍ട്ട് കാരണം’; അടിപ്പാത സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരുകൾക്കെതിരെ അതിശക്തമായ സമരങ്ങളുമായി മുന്നോട്ടെന്ന്‌ അടിപ്പാത ആക്ഷൻ കമ്മിറ്റി


തിക്കോടി: തിക്കോടിയിൽ കഴിഞ്ഞ രണ്ട് വർഷമായി നടന്ന് കൊണ്ടിരിക്കുന്ന അടിപ്പാത സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരുകൾക്കെതിരെ അതിശക്തമായ സമരങ്ങൾ ചെയ്യാനൊരുങ്ങി അടിപ്പാത തിക്കോടി ആക്ഷൻ കമ്മിറ്റി. തുടക്കത്തിൽ നിലവിലുള്ള സമര സമിതി നടത്തുന്ന പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ നേതൃപരമായ പങ്ക് വഹിക്കും. ഈ ആക്ഷൻ കമ്മിറ്റി അടിപ്പാതയ്ക്ക് വേണ്ടി ആര് നടത്തുന്ന ഇടപെടലുകൾക്കും എതിരായിട്ട് പ്രവർത്തിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും മറിച്ച് നിലവിലുള്ള സമര സമിതിക്ക് ഇടപെടാൻ പ്രയാസമുള്ള ഇടങ്ങളിൽ കൃത്യമായി ഇപെപെടുമെന്നും കമ്മിറ്റി അറിയിച്ചു.

കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി അടിപ്പാത യാഥാർത്ഥ്യമാക്കും. എം.പി ഷാഫി പറമ്പിലുമായി ബന്ധപ്പെട്ട് ഇടപെടാൻ പറ്റുന്ന എല്ലാ തലത്തിലും ഇടപെടുത്തുവാനും തീരുമാനിച്ചു. അതോടൊപ്പം സമര സമിതിയുമായി അഭിപ്രായ വത്യാസമുള്ളവരെ ചേർത്ത് പിടിച്ച് കൊണ്ട് അടിപ്പാത സമരത്തെ ശക്തിപ്പെടുത്തി അതിനെ ക്രോഡീകരിക്കാനും ഇതിന്റെ ഭാഗമായി മുഴുവൻ സംസ്കാരിക സാമൂഹിക സംഘടനകളെയും കാണുവാനും യോഗത്തില്‍ തീരുമാനമായി.

പ്രശ്‌നത്തില്‍ പ്രധാനമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ളവർക്കും ആക്ഷൻ കമ്മിറ്റിയുടെ ഭഗത്ത് നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ പരാതികൾ നല്‍കിയിരുന്നു. മാത്രമല്ല സോഷ്യൽ മീഡിയയിലൂടെ കളക്ടർ, പൊതുമരാമത്ത് മന്ത്രി, ഗവർണർ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ട് വരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എം.പിമാർ ഡൽഹിയിൽ ഈ വിഷയം ഉന്നയിക്കുമ്പോൾ കലക്ടറുടെ നിഷേധാത്മക റിപ്പോർട്ട് കാരണമാണ് അണ്ടർ പാസ് ലഭിക്കാതിരിക്കുന്നത്. തിക്കോടി അടിപ്പാതയ്ക്ക് മാത്രം ദൂരപരിധി എന്ന റിപ്പോർട്ട് കൊടുക്കുന്നതിൽ ദുരൂഹതയുണ്ട്. ഈ ദുരൂഹത മാറ്റുവാൻ സംസ്ഥാന ഗവൺമെന്റ് മുൻകൈ എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഷറഫുദ്ദീൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ദുൽഖിഫിൽ അദ്ധ്യക്ഷത വഹിച്ചു. പി.പി കുഞ്ഞമ്മദ്, മുരളീധരൻ കോയിക്കൽ, ബിനു കരോളി, സുഹറ, രാഘവൻ അമ്പിളി, കുഞ്ഞബ്ദുള്ള തിക്കോടി, ഉമ്മർ അരീക്കര, ഗീത ടീച്ചർ, നൗഷാദ്, ശശീന്ദ്രൻ ടി.പി എന്നിവർ സംസാരിച്ചു. ഒ.കെ മോഹനൻ നന്ദി പറഞ്ഞു.

Description: Athidpatha Action Committee to go ahead with protests against the governments