കള്ളന്മാരില്‍ നിന്നും രക്ഷയ്ക്ക് ഓട്ടോമാറ്റിക് തീഫ് ഡിറ്റക്ടര്‍; റോബോട്ടിക് ഫെസ്റ്റുമായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ അടല്‍ ടിങ്കറിങ് ലാബും ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റും


കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ അടല്‍ ടിങ്കറിങ് ലാബും ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റും സംയുക്തമായി റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. സ്‌കൂളിലെ എ.ടി.എല്‍ ലാബില്‍ പരിശീലനം നേടിയ വിദ്യാര്‍ഥികളും, ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി ക്ലബ്ബിലെ വിദ്യാര്‍ഥികളും നിര്‍മ്മിച്ച കാഴ്ച്ച പരിമിതിയുള്ളവരെ സഹായിക്കുന്ന ഇലക്ട്രോണിക് ബ്ലൈന്‍ഡ് സ്റ്റിക്, കള്ളമാരില്‍ നിന്നും വീടിനെയും സ്ഥാപനങ്ങളെയും സംരക്ഷിക്കുന്ന ഓട്ടോമാറ്റിക് തീഫ് ഡീറ്റക്ടര്‍, റഡാര്‍ സംവിധാനം, ആല്‍ക്ക ഹോളി ക് ഡീറ്റെക്റ്റര്‍, ത്രീ ഡി പ്രിന്റര്‍, ട്രാഫിക് ലൈറ്റ് സിസ്റ്റം, ടച്ച് സെന്‍സര്‍ ഹ്യൂമന്‍ ഫോളോയിങ് കാര്‍, ഓട്ടോമാറ്റിക്ക് ടോള്‍ ഗേറ്റ് എന്നിവയാണ് ഫെസ്റ്റിലെ പ്രധാന ആകര്‍ഷണങ്ങള്‍.

നഗരസഭ കൗണ്‍സിലര്‍ പി.രത്‌ന വല്ലി ടീച്ചര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി മുഖ്യതിഥിയായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ എ.ലളിത, പന്തലായനി ബി.ആര്‍.സിയിലെ ബി.പി.സി മധുസൂദനന്‍, പി.ടി.എ പ്രസിഡന്റ് എ.സജീവ് കുമാര്‍, എസ്.എം.സി ചെയര്‍മാന്‍ എന്‍.കെ.ഹരീഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എ.ടി.എല്‍ ലാബ് ഇന്‍ ചാര്‍ജ് പ്രതിഭ പറമ്പത്ത്, ലിറ്റില്‍ കൈറ്റ്‌സ് മാസ്റ്റര്‍ ശ്രീനേഷ്.എന്‍, കൈറ്റ് മിസ്‌ട്രെസ് ഷൈജ.പി എന്നിവര്‍ ഫെസ്റ്റിന് നേതൃത്വം നല്‍കി. ഹെഡ്മാസ്റ്റര്‍ കെ.കെ.സുധാകരന്‍ സ്വഗതവും സ്റ്റാഫ് സെക്രട്ടറി ഒ.കെ.ഷിജു നന്ദിയും പറഞ്ഞു.