പ്രായം തളര്‍ത്താത്ത സഹജീവി സ്‌നേഹത്തിന് ബിഗ് സല്യൂട്ട്; 65-ാം വയസിലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൗജന്യ കഞ്ഞിവിതരണം തുടര്‍ന്ന് അമ്മദ്ക്ക


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗികളും കൂട്ടിരിപ്പുകാരുമെല്ലാം അഹമ്മദ്ക്കയുടെ കഞ്ഞിയുടെ രുചി അറിഞ്ഞവരായിരിക്കും. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി ആശുപത്രിയില്‍ സൗജന്യമായി കഞ്ഞിവിതരണം നടത്തിവരുന്ന വ്യക്തിയാണ്
വി.കെ. അഹമ്മദ്. അകാലത്തില്‍ പൊലിഞ്ഞുപോയ മൂത്തമകള്‍ ബാഷിദയുടെ ഓര്‍മയ്ക്കായാണ് അഹമ്മദ് ഈ സൗജന്യസേവനം തുടങ്ങിയത്. വര്‍ഷങ്ങള്‍ നിരവധി കഴിഞ്ഞെങ്കിലും ഇന്നും മുടങ്ങാതെ അദ്ദേഹമത് തുടര്‍ന്നു പോവുന്നുണ്ട്.

ഹോട്ടലുടമയായ അമ്മദ് 2002ലാണ് ആദ്യമായി ആശുപത്രിയില്‍ കഞ്ഞി വിതരണം നടത്തിയത്. മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ ആഴ്ചയിലൊരു ദിവസമാണ് നാട്ടുകാരുടെ ‘ടോപ്‌ഫോം അഹമ്മദ്ക്ക’ ഒരു വലിയപാത്രം കഞ്ഞിയുമായി കൊയിലാണ്ടി സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്നത്. വിശന്നിരിക്കുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അന്ന് അദ്ദേഹം സൗജന്യമായി കഞ്ഞിവിതരണം നടത്തി. ഇനിയങ്ങോട്ട് എല്ലാദിവസങ്ങളിലും കഞ്ഞി വിതരണമുണ്ടാകുമെന്ന പ്രഖ്യാപനവും നടത്തി. വാക്ക് അന്വര്‍ത്ഥമാക്കും വിധമായിരുന്നു പിന്നീടങ്ങോട്ടുള്ള അദ്ദേഹത്തിന്റെ സേവനങ്ങള്‍. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ ഒരുപാട് നോമ്പും പെരുന്നാളും കഴിഞ്ഞുപോയി. അന്നുതൊട്ട് ഇന്നുവരെ ഒരുദിനംപോലും മുടങ്ങാതെ കഞ്ഞിവിതരണം തുടരുകയാണ് അഹമ്മദ്ക്ക.

Also Read- ‘മോർച്ചറി ഫോട്ടോകൾക്ക് അവന്‍ പ്രതിഫലം പറ്റാറില്ല’ കൊയിലാണ്ടിക്കാരനായ ഫോട്ടോഗ്രാഫര്‍ ബൈജുവിനെ കുറിച്ച് നാട്ടുകാരന്റെ ഹൃദയ സ്പര്‍ശിയായ കുറിപ്പ്

സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം ഹോട്ടല്‍ നടത്തിവരികയാണ് അഹമ്മദ്. രക്താര്‍ബുദം ബാധിച്ച് മരിച്ച മകളുടെ ചികിത്സയ്ക്കായി ആശുപത്രികളില്‍ കൂട്ടിരിക്കുമ്പോള്‍ നല്ലഭക്ഷണം കിട്ടാനുള്ള ബുദ്ധിമുട്ട് നേരിട്ട് അദ്ദേഹം അനുഭവിച്ചിരുന്നു. അതില്‍നിന്നാണ് ഇങ്ങനെയൊരു ചിന്തയുണ്ടായത്. താലൂക്ക് ആശുപത്രിയിലും പരിസരത്തും ഇന്നത്തെപ്പോലെ ഭക്ഷണസൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്താണ് അദ്ദേഹം ഈ സത്കര്‍മത്തിന് തുടക്കമിട്ടത്. സ്വന്തം പണം കൊണ്ട് ആരംഭിച്ച സേവനസംരംഭത്തിന് ഇന്ന് അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളുടെ കൂടി കൈത്താങ്ങ് ലഭിച്ചുകൊണ്ടിരിക്കുന്നു.

Also Read- ഇരിങ്ങലില്‍ കാറും സ്വകാര്യബസും കൂട്ടയിടിച്ചു; അപകടം കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കുന്നതിനിടയില്‍

രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മാത്രമല്ല, ആവശ്യമുള്ള ആര്‍ക്കും സൗജന്യഭക്ഷണം നല്‍കുക എന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ രീതി. ആശുപത്രി അധികൃതര്‍ അതിനായി ഒരുകൗണ്ടറും തുറന്നുനല്‍കിയതോടെ കഞ്ഞിവിതരണം എളുപ്പമായി. ഭക്ഷണവിതരണത്തില്‍ തുടങ്ങിയ സേവനപ്രവര്‍ത്തനം പിന്നീട് ആശുപത്രിയില്‍ ആവശ്യമുള്ള എല്ലാ മേഖലകളിലേക്കും വ്യാപിച്ചു. വാര്‍ഡ് നവീകരണം, ജലലഭ്യത അങ്ങനെ ആവശ്യമുള്ളിടത്തെല്ലാം അഹമ്മദിന്റെ സഹായമെത്തി.

കൊയിലാണ്ടിയിലെ പാലിയേറ്റീവ് പരിചരണ സേവനങ്ങളുടെ തുടക്കക്കാരില്‍ പ്രധാനി കൂടിയാണ് അദ്ദേഹം. കൊയിലാണ്ടിയിലെ ജനകീയ ഡോക്ടറും താലൂക്ക് ആശുപത്രി കോവിഡ് നോഡല്‍ ഓഫീസറുമായ ഡോ. സന്ധ്യാ കുറുപ്പിന്റെ വാക്കുകളില്‍ ‘ഏത് സന്ദിഗ്ധ ഘട്ടത്തിലും വിളിച്ചാല്‍ സഹായഹസ്തവുമായി ഓടിയെത്തുന്ന ഒരാള്‍’ -അതാണ് അഹമ്മദ്ക്ക.

തനിക്ക് പൂര്‍ണപിന്തുണ നല്‍കിക്കൊണ്ടിരിക്കുന്ന ആശുപത്രിജീവനക്കാരോടും മുനിസിപ്പാലിറ്റി അധികൃതരോടും ഏറെ കടപ്പാടുണ്ടെന്ന് പറയുന്ന അഹമ്മദ് തന്റെ കാലശേഷവും ഈ കാരുണ്യപ്രവര്‍ത്തനം മുടങ്ങാതെ തുടരണമെന്നതാണ് അഭിലാഷമെന്നും വ്യക്തമാക്കുന്നു.

45-ാം വയസ്സില്‍ തുടങ്ങിയ സപര്യ 65-ലും അതുപോലെ തുടരുന്ന അദ്ദേഹത്തിന് സര്‍വവിധ പിന്തുണയുമായി ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബവുമുണ്ട്. ദിനചര്യയുടെ ഭാഗമായി മാറിയ ഈ ഭക്ഷണം വിളമ്പലിനായി കാത്തുനില്‍ക്കുന്ന ഒരുകൂട്ടം ആളുകളുടെ മുഖത്തെ പുഞ്ചിരിയുടെ കാരണമായി മാറുകയാണ് അഹമ്മദ്.