കടലില്‍ വെളുത്ത ഗോളം ഒഴുകി വന്ന അത്ഭുതം, അടുക്കുംതോറും വലിപ്പം കൂടി’; കൗതുകാഴ്ചയായി മന്ദമംഗലം ബീച്ചില്‍ കരയ്ക്കടിഞ്ഞ് പാരച്ച്യൂട്ട്


കൊയിലാണ്ടി: മന്ദമംഗലം ബീച്ചില്‍ നാട്ടുകാരില്‍ അത്ഭുതമുയര്‍ത്തി കടലിലൂടെ പാരച്ച്യൂട്ട് ഒഴുകിയെത്തി. മന്ദമംഗലം ബീച്ചിന് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം. കടലില്‍ വലിയ ഒരു വെളുത്ത ഗോളം പോലെ എന്തോ ഒന്ന് ഒഴുകിപരന്ന് പറക്കുന്നതുപോലെയാണ് ആദ്യം നാട്ടുകാര്‍ കണ്ടത്.

കാറ്റിന്റെ വേഗത കൂടുംതോറും കരയിലേയ്ക്ക് ഗോളം അടുത്തുവരികയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കരയ്ക്കടുക്കുംതോറും ഗോളത്തിന്റെ വലുപ്പം കൂടുകയായിരുന്നു. ആദ്യം കണ്ടവര്‍ ഇത് എന്താണെന്നുള്ള കൗതുകത്താല്‍ കരയ്‌ക്കെത്തിക്കാന്‍ ശ്രമിച്ചിരുന്നു. അപ്പോഴേയ്ക്കും സംഭവം വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചതോടെ കൂടുതല്‍ ആളുകള്‍ സ്ഥലത്തെത്തുകയായിരുന്നു. പത്തിരുപത്തഞ്ചോളം ആളുകളുടെ സഹായത്തോടെയാണ് ഹൈഡ്രജന്‍ പാരച്ച്യൂട്ട് കരയ്‌ക്കെത്തിച്ചത്.

കരയ്‌ക്കെത്തിച്ചപ്പോഴാണ് പാര്ച്ച്യൂട്ടില്‍ സ്റ്റിക്കര്‍ കണ്ട്ത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പറത്തുയര്‍ത്തിയ പാര്ച്ച്യൂട്ടാണെന്ന് മനസ്സിലായത്. തുടര്‍ന്ന് സ്വാമിയാര്‍കാവ് ക്ഷേത്രത്തിന് സമീപത്തെ ഗ്രൗണ്ടില്‍ നാട്ടുകാര്‍ കെട്ടിയിട്ടു.

അന്യഗ്രഹത്തില്‍ നിന്നും എന്തോ പറന്നിറങ്ങിയതുപോലെയായിരുന്നു ആദ്യം കണ്ടപ്പോള്‍ തോന്നിയതെന്ന് നാട്ടുകാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സംഭവമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തെത്തുന്നത്.