ജീവനുവേണ്ടി പിടയുന്ന രോഗികളുമായി മിനിട്ടുകള്‍കൊണ്ട് ആശുപത്രിയിലേക്ക്; പയ്യോളി സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ക്ക് ആദരവുമായി പോലീസ്


പയ്യോളി: സൈറണ്‍ മുഴക്കി റോഡിലൂടെ ചിറിപ്പാഞ്ഞ് പോകുന്ന ഓരോ നിമിഷത്തിനും ഓരോ ജീവന്റെ വിലയാണ്…എളുപ്പമല്ല ആ യാത്ര. വാഹനത്തിലുള്ളവര്‍ക്ക് ഒന്നും പറ്റരുതെയെന്ന പ്രാർത്ഥനയുമായാണ് വാഹനം പായിക്കുന്നത്. അത്തരത്തിൽ അപകടത്തില്‍ പരിക്കേറ്റും അല്ലാതെയും ജീവനുവേണ്ടി പിടയുന്ന ഏത് അത്യാസന്ന രോഗിയെയും വഹിച്ച് മിനിറ്റുകള്‍കൊണ്ട് ആശുപത്രിയിലെത്തിക്കാൻ പയ്യോളികാർക്ക് അവരുടെ സ്വന്തം അസ്സുവുണ്ട്, അസ്സുവിന്റെ ആംബുലന്‍സും. അസ്സുവിന്റെ അര്‍പ്പണ മനോഭാവനത്തിനു ആദരവുമായി കേരള പോലീസ്.

തച്ചന്‍കുന്ന് പീടികക്കണ്ടി മൊയ്തീന്റെ മകനുമായ അസ്ഹല്‍ (33) എന്ന അസ്സുവാണ് ‘സാമൂഹ്യസേവന രംഗത്തെ കര്‍മനിരതയുടെ മുഖം’ എന്ന് പോലീസ് ആലേഖനം ചെയ്ത ഉപഹാരം ഏറ്റുവാങ്ങിയത്.റോഡിലും റെയില്‍പാളത്തിലും പുഴയോരത്തും തീപിടിത്തത്തിലുമെല്ലാം അത്യാഹിതത്തില്‍പെടുന്നവരെ രക്ഷപ്പെടുത്താന്‍ പയ്യോളി പൊലീസിന് പലപ്പോഴും തുണയാവുന്നത് അസ്സുവിന്റെ ആംബുലന്‍സാണ്.

2021 ഒക്ടോബറില്‍ മഹാനവമി ആഘോഷവേളയില്‍ മാരകമായി പൊള്ളലേറ്റ യുവതിയെ പയ്യോളിയില്‍നിന്ന് 46 കിലോമീറ്ററകലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത് വെറും 27 മിനിറ്റുകൊണ്ട് ഓടിയെത്തിയതാണെന്ന് അസ്സു ഓര്‍ക്കുന്നു. പലപ്പോഴും അപകടത്തില്‍പെടുന്നവരെ ആശുപത്രിയിലെത്തിച്ചാല്‍ പെട്ടെന്ന് തിരിച്ചുവരാന്‍ കഴിയാത്ത രീതിയില്‍ മണിക്കൂറുകള്‍ നഷ്ടപ്പെടുകയും ഓടിയ ചാര്‍ജ് പോലും ലഭിക്കാത്ത സന്ദര്‍ഭങ്ങള്‍ പോലുമുണ്ടാവാറുമുണ്ട്. ഇത്തരം അവസരങ്ങളില്‍ പൊലീസ് ബന്ധുക്കളുമായി ഇടപെട്ട് പണം പിന്നീട് വാങ്ങിത്തരുകയാണ് പതിവ്.

ജോലി ചെയ്യുന്നതിനുള്ള പ്രതിഫലത്തേക്കാളുപരി, സേവന സന്നദ്ധതക്ക് മുന്‍ഗണന നല്‍കി ഓരോ ജീവനും വിലപ്പെട്ടതാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് അസ്സു. കഴിഞ്ഞ ഏഴു വര്‍ഷമായി പയ്യോളി ടൗണിലെ ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്തു വരികയാണ് അസ്ഹല്‍. നിലവില്‍ ഖത്തര്‍ കെ.എം.സി.സി – ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ആംബുലന്‍സിന്റെ ഡ്രൈവറാണ്.

[bot1]