ഫേസ്ബുക്കിൽ വർഗീയ വിദ്വേഷം പരത്തുന്ന രീതിയിൽ കമന്റ്; പേരാമ്പ്ര എടവരാട് സ്വദേശിക്ക് നേരെ അക്രമണം
പേരാമ്പ്ര: ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ കമന്റിട്ടയാള്‍ക്ക് നേരെ അക്രമണം. എടവരാട് ചേനായി കൂഞ്ഞാമ്പറത്ത് ചന്ദ്രന് നേരെയാണ് അക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 12മണിയോടെ മുഖം മറച്ചെത്തിയ രണ്ടുപേര്‍ വീട്ടില്‍ കയറി അക്രമിച്ചെന്നാണ് ലഭിക്കുന്ന വിവരം. അക്രമണത്തില്‍ കൈകയ്ക്ക് പരിക്കേറ്റ ചന്ദ്രനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
എടവരാട് സ്വദേശിയായ ഒരാള്‍ കഴിഞ്ഞ ദിവസം വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ ശവസംസ്‌ക്കാരവുമായി ബന്ധപ്പെട്ട് ‘ഒരുമിച്ച് മടക്കം’ എന്ന ക്യാപ്ഷനോടെ ഒരു ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെയാണ് ചന്ദ്രന്‍ മതസ്പര്‍ദയും വിദ്വേഷവും ഉണ്ടാക്കുന്ന രീതിയില്‍ കമന്റ് ചെയ്തത്. തുടര്‍ന്ന് നാട്ടില്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനും മതസൗഹാര്‍ദ്ദം തകര്‍ക്കാനും പരസ്പരം വിദ്വേഷങ്ങള്‍ ഉണ്ടാക്കാനും ഉദ്ദേശിച്ചാണ് ചന്ദ്രന്‍ കമന്റിട്ടതെന്നും, ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
മാത്രമല്ല കമന്റിനെതിരെ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്ക് നേരെ അക്രമണം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഇന്നലെ രാത്രി മുതല്‍ ചന്ദ്രന്റെ വീടിനും സമീപത്തും പോലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്. മുസ്ലീം ലീഗിന്റെ പരാതിയില്‍ ചന്ദ്രനെതിരെ കേസെടുത്തിട്ടുണ്ട്.