മാലിന്യമുക്ത നവകേരളം ‘ഇനി ഞാനൊഴുകട്ടെ’ പദ്ധതി; മാലിന്യങ്ങളും ചളിയും നിറഞ്ഞ തോട് വൃത്തിയാക്കാനായി എത്തിയത് നൂറുകണക്കിനാളുകള്‍, തുറയൂര്‍ പഞ്ചായത്തിലെ ഏണിയോട്ടിട തോട് ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചു
തുറയൂര്‍: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തുറയൂര്‍ പഞ്ചായത്തിലെ തോട് ശുചീകരിച്ചു. ഹരിത കേരളം മിഷന്റെ ‘ ഇനി ഞാനൊഴുകട്ടെ’ പദ്ധതി പ്രകാരമാണ് ശുചീകരണം നടത്തിയത്. പയ്യോളി അങ്ങാടിയില്‍ വെച്ച് നടന്ന ഇനി ഞാനൊഴുകട്ടെ ക്യാമ്പയിന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് നിര്‍വഹിച്ചു.
തുറയൂര്‍ ഗ്രാമ പഞ്ചായത്തിലെ ഏണിയോട്ടിട തോടിന്റെ 1 കിലോമീറ്റര്‍ ദൂരമാണ് ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചത്. അകലാപ്പുഴയെയും കുറ്റ്യാടിപ്പുഴയുടെയും സംഗമസ്ഥലത്ത് ഉളള പ്രധാന തോടാണ് ഏണിയോട്ടിട. നൂറുകണക്കിനാളുകളാണ് നിറയെ മാലിന്യങ്ങളും ചളിയും നിറഞ്ഞ തോട് ശുചീകരിക്കാനായി എത്തിയത്.
ഗ്രാമ പഞ്ചായത്ത് ഭരണസമിതി, യുവജന സംഘടനകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, ഹെല്‍ത്ത് വിഭാഗം ജീവനക്കാര്‍, വ്യാപാരി വ്യവസായി അംഗങ്ങള്‍, സന്നദ്ധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടന പ്രവര്‍ത്തകര്‍, ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.