കഷ്ടപ്പാടിലും പൊരുതി നേടി ഫുള്‍ എപ്ലസ്; മൂന്നാം അലോട്ട്‌മെന്റ് വന്നിട്ടും പ്ലസ്‌വണ്ണിന് സീറ്റ് ലഭിക്കാതെ കീഴരിയൂര്‍ സ്വദേശി


കീഴരിയൂര്‍: അടച്ചുറപ്പില്ലാത്ത വീട്ടില്‍ നിന്നും കഷ്ടപ്പെട്ട് പഠിച്ച് എസ്.എസ്.എല്‍.സിയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയിട്ടും പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാതെ കീഴരിയൂര്‍ സ്വദേശി അര്‍ജുന്‍ കൃഷ്ണ. മൂന്ന് അലോട്ട്‌മെന്റുകള്‍ വന്നെങ്കിലും സീറ്റ് ലഭിച്ചില്ലെന്നാണ് അര്‍ജുന്‍ പറയുന്നത്.

നടുവത്തൂര്‍ ആച്ചേരിക്കുന്ന് ബിജുവിന്റെയും മഞ്ജുഷയുടെയും ഏകമകനാണ് അര്‍ജുന്‍ കൃഷ്ണ. അഞ്ച് സെന്റില്‍ പണിതീരാത്ത വീട്ടില്‍ നിന്നാണ് പഠിച്ച് എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. കീഴരിയൂര്‍ നടുവത്തൂര്‍ ശ്രീവാസുദേവാ ശ്രമഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അര്‍ജുന്‍ പഠിച്ചത്.

തുടര്‍പഠനത്തിനായി 11 സ്‌കൂളുകളില്‍ അര്‍ജുന്‍ അപേക്ഷകള്‍ അയച്ചിരുന്നു. എന്നാല്‍ മൂന്നാംഘട്ട അലോട്ട്‌മെന്റിലും അര്‍ജുന് സീറ്റ് ലഭിച്ചില്ല. ഇതോടെ കുടുംബത്തിന്റെ ഏറെ പ്രതീക്ഷയായ അര്‍ജുന് മാനസികമായി വളരെ തകര്‍ന്ന നിലയിലാണ്. നിത്യ കൂലിയില്‍ പണി ചെയ്താണ് അച്ഛന്‍ ബിജു ജീവിതം മുന്നോ ട്ടു കൊണ്ടു പോകുന്നത് അമ്മ മഞ്ചുഷക്ക് തൊഴിലൊന്നുമില്ല.

ഫുള്‍ എപ്ലസ് നേടിയതിനാല്‍ സയന്‍സിന് ഓന്നാം അലോട്ട്‌മെന്‌റില്‍ തന്നെ സീറ്റ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. പഠിച്ച് ജോലി നേടി ഒരു വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കണം എന്നതാണ് ആഗ്രഹമെങ്കിലും നിലവില്‍ ഇങ്ങനെയാരു സാഹചര്യത്തില്‍ അത് സക്ഷാത്കരിക്കുമോ എന്ന വിഷമത്തിലാണ് അര്‍ജ്ജുന്‍ കൃഷ്ണ.