കൂട്ടായ പ്രവര്‍ത്തനത്തിനുളള അംഗീകാരം; മികച്ച നിലവാരം പുലര്‍ത്തിയ ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്‌പെന്‍സറിക്കുളള എന്‍.എ.ബി.എച്ച് അംഗീകാരം ഏറ്റുവാങ്ങി അരിക്കുളം പഞ്ചായത്ത്


അരിക്കുളം: മികച്ച നിലവാരം പുലര്‍ത്തിയതിന് അരിക്കുളം ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഹെല്‍ത്ത്& വെല്‍നസ് സെന്ററിന് എന്‍.എ.ബി.എച്ച് ആക്രഡിറ്റേഷന്‍ ലഭിച്ചു. രോഗി സൗഹൃദം, അടിസ്ഥാന സൗകര്യ വികസനം, രോഗി സുരക്ഷ, ഔഷധഗുണമേന്മ, അണുബാധ നിയന്ത്രണം എന്നിവ ഉള്‍പ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടര്‍ന്നാണ് ഇന്‍.എ.ബി എച്ച് അംഗീകാരം നല്‍കിയത്.

ആരോഗ്യമേഖലയിലെ മികച്ച സ്ഥാപനങ്ങള്‍ക്ക് അക്രെഡിറ്റേഷന്‍ നല്‍കുന്ന ദേശീയ ഏജന്‍സിയാണ് എന്‍.എ.ബി.എച്ച്. മാനദണ്ഡ അടിസ്ഥാനത്തില്‍ ഏറ്റവും മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ചതിനാണ് ആയുര്‍വേദ ഹെല്‍ത്ത് &വെല്‍നസ്സെന്ററിന് ഈ അംഗീകാരം ലഭ്യമായിരിക്കുന്നത്.

ഇന്നലെ തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് വിതരണം ചടങ്ങ് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജില്‍ നിന്നും അരിക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡ്ങ് ചെയര്‍മാന്‍ എന്‍.വി നജീഷ് കുമാറും ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ രമ്യയും ഏറ്റുവാങ്ങി. ഒ.പി ലെവല്‍ പഞ്ചകര്‍മ്മ, ഹെര്‍ബല്‍ ഗാര്‍ഡന്‍ തുടങ്ങിയ പദ്ധതികള്‍ ഡിസ്‌പെന്‍സറിയില്‍ നടപ്പാക്കിയിരുന്നു.

ആയുര്‍വേദ ഹെല്‍ത്ത്& വെല്‍നസ് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ രമ്യയുടെയും പഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ പ്രതിനിധികളുടെയും നേതൃത്വത്തിലാണ് ഈ നേട്ടത്തിന് സജ്ജമായതെന്ന് കൊയിലാണ്ടിന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കേരള സര്‍ക്കാരിന്റെയും ദേശീയ ആയുഷ് മിഷന്‍ കേരളയുടെയും സഹകരണത്തോടെയാണ് ഡിസ്‌പെന്‍സറിയില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നത്.