ചളിക്കുളമായി അരിക്കുളം മരുതിയാട്ട് തണ്ടയിൽ താഴെ റോഡ്; വാഴ നട്ട് പ്രതിഷേധിച്ച് കുട്ടികള്‍, ഐക്യദാർഢ്യവുമായി കോൺഗ്രസ് പ്രവർത്തകർ
അരിക്കുളം: തകർന്നടിഞ്ഞ കാരയാട് മരുതിയാട്ട് താഴെ വടക്കയിൽ ഭാഗം-തണ്ടയിൽ താഴെ റോഡിന്റെ ദുരവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കുട്ടികളുടെ നേതൃത്വത്തിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. ‘അധികാരികളെ കണ്ണ് തുറക്കൂ’ എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് കുട്ടികള്‍ പ്രതിഷേധത്തിനെത്തിയത്.
മഴ കനത്തതോടെ റോഡിൽ നിറയെ അപകടകരമായ കുണ്ടും കുഴിയുമാണ്. ഇതോടെ കാൽനട യാത്രയും വാഹനഗാതാഗതവും റോഡിൽ പ്രയാസകരമായിരിക്കുകയാണ്. ഇരുപത്തി അഞ്ച് വർഷത്തോളം പഴക്കമുള്ള റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ നിരന്തരമായി ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളായി. അരിക്കുളം ഗ്രാമപഞ്ചായത്തിലെ കാരയാട് മേഖലയിലെ പ്രധാന റോഡുകളിലൊന്നാണിത്.
അൻപതോളം കുടുംബങ്ങളിലെ ഇരുന്നൂറിലധികം ആളുകൾ നിത്യേന ഗതാഗതത്തിന് ഉപയോഗിക്കുന്ന മൺ റോഡിൽ മഴ തുടങ്ങിയാൽ വെള്ളക്കെട്ടാണ്. മുട്ടോളം ചളിയിലൂടെ യാത്ര ചെയ്താണ് പ്രദേശവാസികൾ പ്രധാന റോഡിലെത്തുന്നത്. വിവിധ സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കും രോഗികൾക്കും ചെളി നിറഞ്ഞ റോഡിലൂടെ യാത്ര ചെയ്യാൻ സാധിക്കുന്നില്ല. റോഡിന്റെ ദുരവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
റോഡിലൂടെ സുരക്ഷിതമായി സ്കൂളിൽ പോകാൻ കഴിയുന്നില്ലെന്ന് വിദ്യാർത്ഥികളും പരാതിപ്പെടുന്നു. യാത്രാപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു. റോഡ് ഗതാഗതയോഗ്യമാക്കാൻ തയ്യാറാകാത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെ കുട്ടികൾ നടത്തിയ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മേഖല കോൺഗ്രസ് കമ്മിറ്റി ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.
റോഡിന്റെ ശോച്യാവസ്ഥക്ക് കേവലം മുട്ടുശാന്തിയല്ല പരിഹാരമെന്നും പ്രായോഗിക നടപടിയാണ് വേണ്ടതെന്നും കോൺഗ്രസ് കമ്മിറ്റി വ്യക്തമാക്കി. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് പത്മനാഭൻ പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് കെ.എം ദാമോദരൻ അധ്യക്ഷത വഹിച്ചു. ഹാഷിം കാവിൽ, അമ്മദ് കുന്നത്ത്, ആനന്ദ് കിഷോർ, റഷീദ് വടക്കയിൽ, നിഖില മരുതിയാട്ട് സംസാരിച്ചു.