ഒരുമയുടെ മധുരമുള്ള ‘ഉപ്പ്’; അരിക്കുളത്തെ നാട്ടുകാരും കുട്ടികളും അഭിനയിച്ച സിനിമ; ഉപ്പിലെ ആദ്യ ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍
അരിക്കുളം: കാറ്റിന്നോളം താളം തുള്ളും…..അരിക്കുളത്തുകാരെ സംബന്ധിച്ച് ഇത് വെറുമൊരു സിനിമാപാട്ടല്ല. അരിക്കുളത്തെ നാട്ടുവഴികളും വീടുകളും നാട്ടുകാരും നിറഞ്ഞു നില്‍ക്കുന്ന അതിമനോഹരമായ കാഴ്ചകളുള്ള അവരുടെ ‘ഉപ്പ്’ എന്ന കുഞ്ഞ് സിനിമയിലെ ആദ്യ പാട്ടാണ്.
അരിക്കുളം ഗ്രാമപഞ്ചായത്തും കെപിഎംഎസ്എം ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി നിര്‍മ്മിച്ച സിനിമയാണ് ഉപ്പ്. പ്രദീപ് കുമാര്‍ കാവുംന്തറയുടെ തിരക്കഥയില്‍ സ്‌ക്കൂളിലെ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകന്‍ എം.എസ് ദിലീപ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഒരു ഷോര്‍ട് ഫിലിം അല്ലെങ്കില്‍ കുട്ടികളുടെ സിനിമ എന്നതിലുപരി നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. നാട്ടുകാര്‍, പിടിഎ, സ്‌ക്കൂള്‍ മാനേജ്‌മെന്റ് എസ്എസ്ജി എന്നിവരുടെയെല്ലാം സഹകരണം കൊണ്ടാണ് സിനിമാനിര്‍മ്മാണത്തിനുള്ള ഫണ്ട് കണ്ടെത്തിയത്.
അരിക്കുളത്തെ നാട്ടുകാരും സ്‌ക്കൂള്‍ അധ്യാപകരും കുട്ടികളും തന്നെയാണ് ചിത്രത്തിലെ പ്രധാന താരങ്ങളും. മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികളെ എന്‍എസ്എസ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്റെ മുമ്പിലേക്ക് എങ്ങനെ ഉയര്‍ത്തികൊണ്ടുവരാമെന്നാണ് ചിത്രം പറഞ്ഞുവെക്കുന്നത്.
ചിത്രത്തിലെ ആദ്യഗാനമായ കാറ്റിന്നോളം താളം തുള്ളും എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ആഗസ്ത് 7നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. പേരാമ്പ്ര അലങ്കാര്‍ മൂവിസ് തിയേറ്ററിലാണ് ആദ്യ ഷോ. പാട്ട് ഏറ്റെടുത്തതുപോലെ തന്നെ തങ്ങളുടെ കുഞ്ഞ് സിനിമയും പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.