എപ്പോഴും ക്ഷീണമാണോ; വിറ്റമിന്‍ ഡി കുറഞ്ഞാല്‍ എന്തെല്ലാം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന് അറിയാം വിശദമായി
എല്ലുകള്‍, പല്ലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഏറ്റവും അനിവാര്യമായിട്ടുള്ള ഒരു പോഷകമാണ് വിറ്റമിന്‍ ഡി. സൂര്യപ്രകാശത്തില്‍ നിന്നും നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നുമെല്ലാം വിറ്റമിന്‍ ഡി നമ്മളുടെ ശരീരത്തിലേയ്ക്ക് എത്തുന്നുണ്ട്.
വിറ്റമിന്‍ ഡി് കുറഞ്ഞാല്‍ എന്തെല്ലാം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന് നോക്കാം.
8.5 മുതല്‍ 10 മൈക്രോഗ്രാം വരെ വിറ്റമിന്‍ ഡിയാണ് കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ളവര്‍ക്ക് ഏറ്റവും കുറഞ്ഞത് വേണ്ടത്. വിറ്റമിന്‍ ഡി നമ്മളുടെ ശരീരത്തില്‍ കുറഞ്ഞാല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്. ഇവ കുറയുമ്പോള്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
സാധാരണ ഗതിയില്‍ രക്ത പരിശോധനയിലൂടെയാണ് വിറ്റമിന്‍ ഡിയുടെ കുറവ് മനസ്സിലാക്കുന്നത്. എന്നാല്‍ ഇവ കൂടാതെ, ശരീരം കാണിച്ച് തരുന്ന ചില ലക്ഷണങ്ങള്‍ വെച്ചും നമുക്ക് ഇത് മനസസിലാക്കി എടുക്കാന്‍ സാധിക്കും. നമ്മള്‍ കൃത്യമായി ശ്രദ്ധ നല്‍കാതെ ഇതിന്റെ കുറവ് മനസ്സിലാക്കാതിരുന്നാല്‍ എല്ലുകളുടെ ആരോഗ്യത്തെ ഇത് കാര്യമായി ബാധിച്ചെന്ന് വരാം.
നമ്മളുടെ ശരീരത്തിലെ കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ വരെ വിറ്റമിന്‍ ഡി സഹായിക്കുന്നുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. കൂടാതെ, വീക്കം കുറയ്ക്കാനും ഇത് സഹായിക്കുന്നു
വൈറ്റമിന്‍ ഡി കുറവ് എങ്ങനെ തിരിച്ചറിയാം?
മുറിവുകള്‍ ഉണങ്ങാന്‍ താമസം
നമ്മളുടെ ശരീരത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍ വേഗത്തില്‍ ഉണങ്ങി കിട്ടുന്നതിന് വിറ്റമിന്‍ ഡി അനിവാര്യമാണ്.നമ്മള്‍ക്ക് പ്രമേഹം ഇല്ലെങ്കില്‍ കൂടി, ശരീരത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍ വേഗത്തില്‍ ഉണങ്ങുന്നില്ലെങ്കില്‍ നിങ്ങളുടെ വിറ്റമിന്‍ ഡി ലെവല്‍ പരിശോധിക്കേണ്ടത് അനിവാര്യം.
മാനസികാരോഗ്യം നിലനിര്‍ത്തുന്നതില്‍ വിറ്റമിന്‍ ഡിക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. വിറ്റമിന്‍ ഡി ശരീരത്തില്‍ കുറഞ്ഞാല്‍ ഒരു വ്യക്തിയില്‍ പ്രകടമായി കാണുന്ന പ്രധാന ലക്ഷണമാണ് മാനസിക സമ്മര്‍ദ്ദം. വിറ്റമിന്‍ ഡി ഒരു വ്യക്തിയുടെ മൂഡിനെ സ്വാധീനിക്കുന്നുണ്ട് എന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്. അതിനാല്‍, ചിലര്‍ വിറ്റമിന്‍ ഡി സപ്ലിമെന്റ്സ് മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ഉപയോഗിക്കുന്നതും കാണാം. നിങ്ങള്‍ക്ക് അമിതമായി കാരണമില്ലാതെ മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ടെങ്കില്‍ വിറ്റമിന്‍ ഡി ലെവല്‍ പരിശോധിക്കുന്നത് നല്ലതാണ്.
ക്ഷീണം
ആവശ്യത്തിന് ഭക്ഷണം കഴിച്ചാലും എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ വൈറ്റമിന്‍ ഡി യുടെ കുറവ് മൂലമാകാം. എപ്പോഴും കോട്ടുവാ ഇടുക, ഇത്തരത്തില്‍ ശരീരം ക്ഷീണിക്കുമ്പോള്‍ അത് തലവേദന, ഉറക്കക്കുറവ്, എല്ലുകള്‍ക്ക് വേദന എന്നീ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നു.
ശരീരത്തില്‍ നിന്നും എനര്‍ജി കുറയുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നത് അമിതമായി ക്ഷീണം അനുഭവിക്കുമ്പോഴാണ്.അതിനാല്‍ നിങ്ങള്‍ക്ക് പെട്ടെന്ന് നല്ല ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടാല്‍ വിറ്റമിന്‍ ഡിയുടെ അളവ് പരിശോധിക്കുന്നത് നല്ലതാണ്.
നടുവേദന
വിറ്റമിന്‍ ഡി കുറഞ്ഞാല്‍ അത് എല്ലിന്റെ ബലത്തേയും ബാധിക്കുന്നുണ്ട്. വിറ്റമിന്‍ ഡി ശരീരത്തില്‍ ഉണ്ടെങ്കില്‍ മാത്രമാണ് കാല്‍സ്യം ശരീരത്തിലേയ്ക്ക് കൃത്യമായി ആഗിരണം ചെയ്യപ്പെടൂ. വിറ്റമിന്‍ ഡി ശരീരത്തില്‍ കുറയുമ്പോള്‍ നടുവിന് അമിതമായി വേദന അനുഭവപ്പെടുന്നത് പതിവാകുന്നു. അതുപോലെ, പേശികള്‍ക്ക് വേദനയും ഇവര്‍ക്ക് അനുഭവപ്പെടുന്നു. അതിനാല്‍, ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഡോക്ടറെ കാണിക്കേണ്ടത് അനിവാര്യം.