‘ഒരു പനിയൊന്നു മാറിയതേയുള്ളൂ, അപ്പോഴേക്കും അടുത്തതു വന്നു’; കുട്ടികളെ പനി വിടാതെ പിന്തുടരുന്നുണ്ടോ? കാരണവും പ്രതിരോധവും എന്തെല്ലാമെന്ന് നോക്കാം


‘മക്കൾക്ക് എപ്പോഴും അസുഖമാണ്. ഒരു പനിയൊന്നു (Viral Fever) മാറിയതേയുള്ളൂ. അപ്പോഴേക്കും അടുത്തതു വന്നു’. അച്ഛനമ്മമാരുടെ പരാതിയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ? ഒന്നല്ല, പലതരത്തിലുള്ള വൈറസുകളാണു കുട്ടികളിൽ പനിയുൾപ്പെടെയുള്ള രോഗങ്ങളുണ്ടാക്കുന്നത്. സാധാരണഗതിയിൽ പനിക്കു പ്രധാന കാരണം ഇൻഫ്ലുവൻസ വൈറസാണ് (ഫ്ലൂ വൈറസ്). എന്നാൽ, റെസ്പിറേറ്ററി സിൻസിഷ്വൽ വൈറസ് (ആർഎസ്‌വി), സാധാരണ ജലദോഷം ഉണ്ടാക്കുന്ന റൈനോ വൈറസ്, കൊറോണ വൈറസ്  (Corona Virus) എന്നിവയും ഇപ്പോൾ കുട്ടികളിൽ രോഗകാരണമാകുന്നുണ്ട്.

ഏകദേശം ഒരേ രോഗ ലക്ഷണങ്ങളാണ് ഉണ്ടാകുകയെങ്കിലും അതിനു കാരണമാകുന്ന വൈറസുകൾ വ്യത്യസ്തമാണ്. കോവിഡ് കാലമായതിനാൽ കഴിഞ്ഞ രണ്ടു വർഷം കുട്ടികൾ വീട്ടിൽ തന്നെയാണു കഴിഞ്ഞത്. അതിനാൽ നേരത്തേ രോഗങ്ങൾ വന്നു സ്വാഭാവികമായ പ്രതിരോധശേഷി കുട്ടികൾക്കു ലഭിച്ചിട്ടില്ല. അവരുടെ ശരീരത്തിൽ ഈ വൈറസുകളെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ഇല്ല. ഈ വർഷം എല്ലാ കുട്ടികളും സ്കൂളിലെത്തി. ആന്റിബോഡി ഇല്ലാത്തതു കാരണം ഈ കുട്ടികളിൽ വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

വൈറസ് വ്യാപനം

സാധാരണഗതിയിൽ മൺസൂൺ സമയത്താണ് പനി വൈറസുകൾ വ്യാപിക്കുന്നത്. തണുത്ത അന്തരീക്ഷത്തിൽ വൈറസുകൾ പെട്ടെന്നു പെരുകും. വേനൽക്കാലമാകുമ്പോൾ ഇത്തരം വൈറസുകൾക്കു പകരം ചിക്കൻപോക്സ് വൈറസ്, ഹെപ്പറ്റൈറ്റിസ് വൈറസ് എന്നിവയാണു വ്യാപിക്കുന്നത്. ഇപ്പോൾ മൺസൂണിന്റെ ക്രമംതെറ്റിയതോടെ തണുപ്പിൽ പെരുകുന്ന വൈറസുകളുടെ വ്യാപനവും കാലംതെറ്റാൻ തുടങ്ങി. ഇതും കുട്ടികൾക്കിടയിലെ ഇടയ്ക്കിടെയുള്ള രോഗത്തിനു കാരണമാണ്. ആർഎസ്‌വി വൈറസ് ബാധിച്ചു ചിലരിൽ ആസ്മ പോലുള്ള ബ്രോങ്കോലൈറ്റിസ് എന്ന ഗുരുതരമായ സാഹചര്യത്തിലേക്കു നീങ്ങാറുണ്ട്. ഇതു മൂലം ന്യുമോണിയയും ഉണ്ടാകാം.

പ്രതിരോധം എങ്ങനെ

എല്ലാ വൈറസുകളെയും പ്രതിരോധിക്കാൻ ഒരേ വഴി തന്നെയാണുള്ളത്. കോവിഡ് കാലത്ത് നമ്മൾ ശീലിച്ച ആരോഗ്യ സുരക്ഷ മാതൃകകൾ തുടരുക. സ്കൂളിലും മറ്റുള്ളവരുമായി ഇടപെടുമ്പോഴും മാസ്ക് ധരിക്കുക. വ്യക്തി ശുചിത്വം പാലിക്കുക. കൈകൾ വ‍ൃത്തിയായി സൂക്ഷിക്കുക, സ്കൂളിലേക്കു പോകുന്നതിനു മുൻപും തിരിച്ചു വന്ന ശേഷവും കുളിക്കുക, വസ്ത്രങ്ങൾ മാറുക, ചുമയ്ക്കുമ്പോൾ മാസ്ക് ധരിക്കുകയോ തൂവാല കൊണ്ടു മൂക്കും വായയും മറയ്ക്കുകയോ ചെയ്യുക.

കടപ്പാട്: ഡോ. സി. ജയകുമാർ, ശിശുരോഗ വിഭാഗം മേധാവി, അമൃത ആശുപത്രി, കൊച്ചി

Summary: Are children suffering from fever? Let’s see what is the cause and prevention