മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം


കോഴിക്കോട്: പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2024-25 വര്‍ഷം അഞ്ച്, ആറ് ക്ലാസ്സുകളില്‍ പ്രവേശനം ലഭിക്കുന്നതിന് കോഴിക്കോട് ജില്ലയില്‍ നിലവില്‍ നാല്, അഞ്ച് ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 2,00,000 രൂപയില്‍ അധികരിക്കരുത്. പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗക്കാരെ (കാടര്‍, കൊറഗര്‍, കാട്ടുനായ്ക്ക, ചോലനായക്ക, കുറുമ്പര്‍) വാര്‍ഷിക വരുമാന പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗക്കാരും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിനുള്ള പരീക്ഷ എഴുതേണ്ടതാണ്. പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം പ്രവേശനം നല്‍കുന്ന ഇടുക്കി ജില്ലയിലെ പൈനാവ്, വയനാട് ജില്ലയിലെ പൂക്കോട്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നിവിടങ്ങളിലെ ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ആറാം ക്ലാസ്സിലേക്കും മറ്റ് എം.ആര്‍.എസുകളില്‍ അഞ്ചാം ക്ലാസ്സിലേക്കുമാണ് പ്രവേശനം നല്‍കുന്നത്.

അപേക്ഷകള്‍ ഓണ്‍ലൈനായി stmrs.in എന്ന വെബ്‌സൈറ്റില്‍ അയക്കേണ്ടതാണ്. ജാതി, വാര്‍ഷിക കുടുംബ വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അപേക്ഷ ഓണ്‍ലൈനായി ചെയ്തതിന്റെ രജിസ്‌ട്രേഷന്‍ സ്ലിപ്പും പൂര്‍ണ്ണമായും പൂരിപ്പിച്ച അപേക്ഷയും സഹിതം ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിലോ താമരശ്ശേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ, പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ഫെബ്രുവരി 20ന് വൈകുന്നേരം അഞ്ച് മണി വരെ സ്വീകരിക്കുന്നതാണ്. അപേക്ഷ ഫോറത്തിന്റെ മാതൃക മേല്‍പ്പറഞ്ഞ ഓഫീസുകളില്‍ നിന്നോ stmrs.in എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കുന്നതാണ്. പ്രവേശന പരീക്ഷ മാര്‍ച്ച് 16ന് നിശ്ചിത കേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. ഫോണ്‍: 9496070370, 9744233620, 0495 2376364 .