ആഗ്രഹങ്ങൾക്ക് ‘ലിമിറ്റ്’ വയ്ക്കാതെ അനുഗ്രഹ; ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും അനായാസം ഓടിച്ച് മേപ്പയ്യൂരിന്റെ വനിതാ ബസ് ഡ്രൈവർ
മേപ്പയ്യൂര്‍: ആഗ്രഹങ്ങള്‍ ലിമിറ്റ് ചെയ്ത് വെക്കാതെ ഇറങ്ങിത്തിരിച്ച ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറുടെ കൈകളില്‍ ഇപ്പോള്‍ ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സിന്റെ വളയവും ഭദ്രം. പേരാമ്പ്ര വടകര റൂട്ടില്‍ ബസ് ഡ്രൈവറായി തുടക്കം കുറിച്ച മേപ്പയ്യൂര്‍ സ്വദേശി അനുഗ്രഹ ഇപ്പോള്‍ വളയം പിടിക്കുന്നത് തിരക്കേറിയ കണ്ണൂര്‍-കോഴിക്കോട് റൂട്ടിലാണ്. ദിവസങ്ങല്‍ കൊണ്ടുതന്നെ ആ വളയവും തന്റെ കരങ്ങളില്‍ ഭദ്രമെന്ന് തെളിയിച്ചിരിക്കുകയാണ് അനുഗ്രഹ.
കോഴിക്കോട് കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന സാഗര ബസ്സിലാണ് അനുഗ്രഹ ഇപ്പോള്‍. ഡ്രൈവിങ്ങിനോടുള്ള അതിയായ താല്‍പ്പര്യമാണ് അനുഗ്രഹയെ ഈ നേട്ടങ്ങളിലേക്കെല്ലാം എത്തിക്കുന്നത്. സമയ പരിധിക്കുള്ളില്‍ കൃത്യമായ വേഗതയില്‍ ദീര്‍ഘ ദൂരപാതകള്‍ താണ്ടിയെത്താന്‍ ഈ മിടുക്കി നിഷ്പ്രയാസമാണ് പഠിച്ചെടുത്തിരിക്കുന്നത്.
ലോജിസ്റ്റിക്കില്‍ മാസ്റ്റര്‍ ബിരുദധാരിയായ അനുഗ്രഹയ്ക്ക് പക്ഷേ, ഇഷ്ടം ഡ്രൈവിങിനോടാണ്. പേരാമ്പ്ര-വടകര റൂട്ടിലെ നോവ ബസില്‍നിന്നായിരുന്നു അനുഗ്രഹയുടെ തുടക്കം. മേപ്പയ്യൂരിലെ മുരളീധരന്റെയും ചന്ദ്രികയുടെയും മകളാണ് ഈ ഇതുപത്തിനാലുകാരി. അഞ്ജലി സഹോദരിയാണ്.
അച്ഛന്‍ മുരളീധരന്റെ കൈപിടിച്ചാണ് അനുഗ്രഹ ഡ്രൈവിങിലേക്ക് ഇറങ്ങിത്തിരിച്ചത്. പതിനെട്ടാം വയസ്സില്‍ ഫോര്‍വീലര്‍ ലൈസന്‍സ് നേടി. കഴിഞ്ഞ ജൂണില്‍ ഹെവി ലൈസന്‍സും. ജൂണ്‍മാസം മുതല്‍ നോവ ബസില്‍ ഡ്രൈവറായി തുടക്കമിട്ട ഈ മിടുക്കി കഴിഞ്ഞ ദിവസം മുതല്‍ ദീര്‍ഘദൂര ബസ്സിലും താരമായ ഡ്രൈവറായി.
ഒരു ദിവസം കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്ക് ബസിന് രണ്ട് ട്രിപ്പുകളാണുള്ളത്. രാവിലെ ഏഴിന് വടകരയില്‍നിന്ന് കയറും. രാത്രി ഏഴോടെ വീട്ടിലെത്തും. വിദേശത്ത് ജോലിചെയ്യാനാഗ്രഹിക്കുന്ന അനുഗ്രഹ അവിടെയും ഡ്രൈവിങ് തുടരാന്‍ തന്നെയാണ് പദ്ധതിയിടുന്നത്.