നന്തി മേഖല ബാലസംഘം കുട്ടികള്‍ നിര്‍മ്മിച്ച യുദ്ധവിരുദ്ധ പോസ്റ്ററും സഡാക്കോ കൊക്കുകളും ഇനി സഡാകോ സസാകി സ്മൃതി മണ്ഡപത്തിലെത്തും; ജപ്പാനിലേക്ക് യാത്രതിരിക്കുന്ന കെ.പി സുകുമാരന്‍ മാസ്റ്റര്‍ക്ക് ആശംസകളുമായി കൊച്ചുകൂട്ടുകാര്‍
നന്തിബസാര്‍: ബാലസംഘം നന്തി മേഖലയിലെ കൂട്ടുകാര്‍ നിര്‍മ്മിച്ച സഡാക്കോ കൊക്കുകളും കയ്യൊപ്പ് ചാര്‍ത്തിയ യുദ്ധവിരുദ്ധ പോസ്റ്ററും ഇനി ഹിരോഷിമയിലെ സഡാകോ സസാകി സ്മൃതി മണ്ഡപത്തിലെത്തും. പ്രശസ്ത സഞ്ചാരിയും ബാലസംഘം സഹയാത്രികനുമായ കെ.പി. സുകുമാരന്‍ മാസ്റ്ററുടെ വീട്ടില്‍ വച്ച് നടന്ന ചടങ്ങില്‍ നന്തിമേഖലയിലെ ബാലസംഘംകൂട്ടുകാര്‍ സഡാകോ കൊക്കും യുദ്ധവിരുദ്ധ പോസ്റ്ററും സുകുമാരന്‍ മാസ്റ്റര്‍ക്ക് കൈമാറി.
ജപ്പാനിലേക്ക് യാത്ര പോകുന്ന കെ.പി സുകുമാരന്‍ മാസ്റ്റര്‍ കുട്ടികള്‍ നല്‍കിയ പോസ്റ്ററുകളും മറ്റും സഡാകോ സസാകി സ്മൃതി മണ്ഡപത്തില്‍ സമര്‍പ്പിക്കും. ബാലസംഘം ഇത്തരമൊരു ആവശ്യം ഉന്നയിച്ചപ്പോള്‍ സന്തോഷപൂര്‍വ്വം കെ.പി സുകുമാരന്‍ മാസ്റ്റര്‍ സമ്മതിക്കുകയായിരുന്നെന്ന് ഏരിയാ അക്കാദമിക് സമിതി കണ്‍വീനര്‍ ആര്‍.പി.കെ രാജീവന്‍ പറഞ്ഞു. എളമ്പിലാട് ബാലസംഘം യൂണിറ്റിലെ ഇരുപത്തിയഞ്ചോളം കുട്ടികളാണ് സഡാക്കോ കൊക്കുകളും പോസ്റ്ററുകളും നിര്‍മ്മിച്ചത്.
മേഖലാ കണ്‍വീനര്‍ സുധാകരന്‍, ജോ-കണ്‍വീനര്‍ സരിത എന്നിവരാണ് പ്രവൃത്തനത്തിന് നേതൃത്വം നല്‍കിയത്. കെ.പി സുകുമാരന്‍ മാസ്റ്റര്‍ക്കുളള യാത്രയയ്പ്പ് ചടങ്ങ് മേഖലാ അക്കാദമിക് സമിതി കണ്‍വീനര്‍ ആര്‍.പി.കെ രാജീവന്‍ ഉദ്ഘാടനം ചെയ്തു. നന്തി മേഖലാ സെക്രട്ടറി ജിനിന്‍ ജാസ്, പ്രസിഡണ്ട് ദിയാസുധി, കണ്‍വീനര്‍ സുധാകരന്‍ കസ്തൂരി, ജോയിന്റ് കണ്‍വീനര്‍ സരിത, കോ-ഓഡിനേറ്റര്‍ ബാബു അക്കമ്പത്ത് എന്നിവര്‍ സുകുമാരന്‍ മാസ്റ്റര്‍ക്ക് യാത്രാ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.