മാരക ലഹരിയോട് ഒരു വാക്ക്, കളി കൊയിലാണ്ടിയിലെ വിദ്യാർത്ഥികളോട് വേണ്ട; മണ്ണിൽ ഭീമൻ ചിത്രം വരച്ചും, മനുഷ്യ ചങ്ങലകൾ നിർമ്മിച്ചും, നാടകം അവതരിപ്പിച്ചും ലഹരിയെ തുരുത്താൻ ഒന്നായി വിദ്യാർത്ഥികൾ
ആസ്വദിക്കാം ജീവിത ലഹരി, തടയിടാം മാരക ലഹരിക്കെതിരെ
‘മയക്കുമരുന്നല്ല ജീവിതമാണ് ഞങ്ങളുടെ ലഹരി’. ഭാവിയുടെ വാഗ്ദാനങ്ങൾ ഒന്നായി കൈകോർത്തു, കൊയിലാണ്ടിയിൽ ആ മനുഷ്യച്ചങ്ങല പടർന്നു. കേരളപ്പിറവിദിനത്തിൽ ലഹരിക്കെതിരെ മഹാപ്രതിരോധശൃംഖല കൊയിലാണ്ടിയിലെ വിദ്യാർത്ഥികൾ. അറിയാം കേരളപ്പിറവി ദിനത്തിൽ ലഹരിയെ നാട്ടിൽ നിന്നോടിക്കാൻ വിദ്യാർത്ഥികൾ നടത്തിയ പ്രവർത്തങ്ങൾ. കൊയിലാണ്ടിയിൽ വ്യാപകമായി മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ എല്ലാവർക്കും അവബോധം നല്കാനായാണ് വിവിധ പരിപാടികൾ ഒരുക്കിയത്. ഓർക്കു ജീവിതമാണ് ലഹരി, അത് ആസ്വദിക്കൂ, മയക്കു മരുന്ന്, അത് നമ്മെ നാശത്തിലേക്ക് നയിക്കുകയുള്ളു…
മണ്ണിൽ ഭീമൻ ചിത്രം വരച്ചു, ഒന്നായി കൈകോർത്തു, മുദ്രാവാക്യങ്ങൾ ഏറ്റു ചൊല്ലി; ലഹരിക്കുമപ്പുറം ജീവിതമുണ്ടെന്ന ആഹ്വാനവുമായി പൊയിൽക്കാവ് സ്കൂൾ വിദ്യാർത്ഥികൾ
പൊയിൽക്കാവ് : ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി നിറക്കൂട്ടം ചിത്രകലാ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടി ചിത്രകാരൻമാർ സ്കൂൾ അങ്കണത്തിൽ ലഹരി വിരുദ്ധ ബിഗ്ഗ് പിക്ച്ചർ ഓൺ സോയിൽ ക്യാൻവാസ് സംഘടിപ്പിച്ചു. വരയ്ക്ക് ചിത്രകലാ അധ്യാപകൻ സൂരജ്കുമാർ നേതൃത്ത്വം നൽകി. JRCയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും നടന്നു.
സ്കൂളിലെ മുഴുവൻ കുട്ടികളും അണിനിരന്ന കുട്ടിച്ചങ്ങലയും ഇതോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയുമെടുത്തു. ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിoഗ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. സകൂൾ ഹെഡ്മിസ്ട്രസ്സ് രോഷ്നി ആർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സുധീർ കെ നന്ദിയും പറഞ്ഞു.
രണ്ടു കിലോമീറ്റർ നീളത്തിൽ ദേശീയ പാതയിൽ സമൂഹ മതിൽ; ലഹരിയെ തുരുത്താൻ ഒന്നായി നിന്ന് ആന്തട്ട ഗവ.യു.പി.സ്കൂൾ
ആന്തട്ട: ലഹരി വിമുക്ത കേരളത്തെ വിഭാവനം ചെയ്തു കൊണ്ട് ആന്തട്ട ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ ദേശീയ പാതയിൽ സമൂഹ മതിൽ സൃഷ്ടിച്ചു. രണ്ടു കിലോമീറ്റർ നീളത്തിൽ കുട്ടികൾക്കൊപ്പം ജനപ്രതിനിധികളും നാട്ടുകാരും രക്ഷിതാക്കളും അണിചേർന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് സമൂഹമതിൽ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡണ്ട് എ.ഹരിദാസ് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകൻ എം. ജി. ബൽരാജ്, എം.കെ. വേലായുധൻ, പ്രിൻസ് രവി , കെ. ഉസ്മാൻ , പി.ജയകുമാർ എന്നിവർ പ്രസംഗിച്ചു.
തിരുവങ്ങൂർ ഹയർ സെക്കണ്ടറിയിലെ വിദ്യാർത്ഥികൾ ഒരുക്കിയ ലഹരി വിരുദ്ധ ശൃംഖല
നാം ഇന്നു തീർത്ത ചങ്ങലയുടെ കണ്ണിപൊട്ടില്ല; ലഹരിക്കെതിരെ ജാഗ്രതാ മതിൽ; കേരളപ്പിറവി ആഘോഷമാക്കി തിക്കോടിയൻ സ്മാരക പയ്യോളി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ
തിക്കോടി: തിക്കോടിയൻ സ്മാരക പയ്യോളി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ലഹരിക്കെതിരെ കുട്ടി മതിൽ തീർത്തു. വർധിച്ചു വരുന്ന ലഹരി ഉപഭോഗത്തിനെതിരെ കുട്ടികളെ ബോധവാന്മാരാക്കി ലഹരിയോടു വിട പറയുക എന്ന ലക്ഷ്യവുമായി നടന്നു വരുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി നടന്ന ഈ കുട്ടി മതിലിൽ തദ്ദേശ സ്വയം ഭരണാധികാരികൾ, ജനപ്രതിനിധികൾ, പി ടി എ – എം പി ടി എ പ്രതിനിധികൾ, വ്യാപാരികൾ, സ്കൂൾ ജാഗ്രതാ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
തിക്കോടി ഗ്രാമപഞ്ചായത്തധ്യക്ഷ ജമീല സമദ് ഉദ്ഘാടനം നിർവഹിച്ചു. പിടി എ പ്രസിഡണ്ട് ബിജു കളത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ദുൽക്കി ഫിൽ മുഖ്യാതിഥി ആയി. വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ കെ പി ഷക്കീല, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷൻ ആർ വിശ്വൻ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴസൺപ്രനില സത്യൻ, പിടിഎ വൈസ് പ്രസിഡണ്ട് കെ ടി വിനോദൻ, സബീഷ് കുന്നങ്ങോത്ത്, ടി. ഖാലിദ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രധാനാധ്യാപകൻ ബിനോയ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി അനിത യു കെ നന്ദിയർപ്പിച്ചു.
ലഹരി, കേരളത്തിൽ നിന്ന് വേഗം വിട്ടോ; ലഹരിക്കെതിരെ കൈകോർത്ത് കോതമംഗലം ജി.എൽ.പി സ്കൂളിലെ അധ്യാപകരും കുട്ടികളും
കോതമംഗലം: ലഹരിക്കെതിരെ കൈകോർത്ത് കോതമംഗലം ജി.എൽ.പി സ്കൂളിലെ അധ്യാപകരും കുട്ടികളും. സംസ്ഥാനമാകെ നടക്കുന്ന ലഹിരി വിരുദ്ധ ക ക്യാംമ്പയിന്റെ ഭാഗമായി കൊയിലാണ്ടി കോതമംഗലം ജി.എൽ.പി സ്കൂളിൽ ലഹരിക്കെതിരെ കേരള പിറവി ദിനത്തിൽ കുട്ടി ചങ്ങല തീർത്തു.
റോഡിൻറെ മധ്യത്തിൽ നടത്തിയ ലഘു നാടകത്തിനും ബോഷവൽക്കരണത്തിനുമൊപ്പം ജനപ്രതിനിധികളും ചേർന്നു. കൗൺസിലർ ദൃശ്യ. എം. അദ്ധ്യാപികാ അദ്ധ്യാപകർ, പിടി എ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ മേലടി എ.എൽ.പി സ്കൂൾ
മേലടി: ലഹരിക്കെതിരെ കൈകോർത്ത് മേലടി എ.എൽ.പി സ്കൂൾ. പി.ടി.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണവുമായി കുട്ടി ചങ്ങല തീർത്തു.
സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി എന്ന മാരക വിപത്തിനെതിരെ വലിയൊരു പോരാട്ടത്തിന് തുടക്കം എന്ന നിലയ്ക്ക് തീർത്ത ചങ്ങലക്ക് രക്ഷിതാക്കളും അധ്യാപകരും പങ്കാളികളായി. പിടിഎ പ്രസിഡണ്ട് മനോജ് എൻ എം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷൈമ മണന്തല പ്രതിജ്ഞ ചൊല്ലി. ഹെഡ്മാസ്റ്റർ സജീവൻ കുഞ്ഞോത്ത്, പപ്പൻ വള്ളിൽ, ഗിരീഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.