ചരിത്രം മാറ്റിയെഴുതി ആന്തട്ട ഗവണ്‍മെന്റ് സ്‌കൂള്‍; വിവിധ മേളകളില്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പങ്കാളിത്തം


കൊയിലാണ്ടി: ഒരു വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഒരു മേളയില്‍ പങ്കെടുക്കുകയെന്നത് ഒരു സ്വപ്നമാണ്. എങ്കില്‍ ആ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ഗവണ്‍മെന്റ് സ്‌കൂള്‍ ആന്തട്ടയില്‍ ഇന്നലെ നടന്നത്. അക്കാദമിക് പ്ലാനിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സ്‌കൂള്‍ മള്‍ട്ടി ഫെയറില്‍ വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളും ശാസ്ത്രം സാമൂഹ്യശാസ്ത്രം ഗണിതശാസ്ത്രം പ്രവര്‍ത്തിപരിചയം ഐടി എന്നീ മേഖലകളിലെ മേളകളില്‍ പങ്കെടുത്തു കൊണ്ട് ചരിത്രം മാറ്റിയെഴുതി.

ആഗസ്ത് 27 ന് നടന്ന ഓണ്‍ ദ സ്‌പോട്ട് മത്സരത്തില്‍ മാത്രം നൂറ്റമ്പതിലേറെ കുട്ടികള്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളില്‍ നടന്ന ക്വിസ് മത്സരത്തില്‍ നൂറില്‍പരം കുട്ടികളും മുപ്പതാം തീയതി നടന്ന പ്രദര്‍ശനത്തില്‍ മുഴുവന്‍ കുട്ടികളും അണിചേര്‍ന്നപ്പോള്‍ സ്‌കൂള്‍ മേളകള്‍ക്ക് ഒരു ബദല്‍ മാതൃകയായി മാറുകയായിരുന്നു ആന്തട്ട ഗവണ്‍മെന്റ് യുപി സ്‌കൂള്‍.

ജില്ലയിലെ മികച്ച പിടിഎ അവാര്‍ഡ് നേടിയ പിടിഎയും ശക്തമായ നേതൃത്വവും മികവാര്‍ന്ന സാമൂഹ്യബോധമുള്ള അധ്യാപകരും ചേര്‍ന്ന് നിന്നപ്പോള്‍ ജനകീയ സ്‌കൂള്‍ മള്‍ട്ടി ഫെയര്‍ യാഥാര്‍ത്ഥ്യമായി. ശാസ്ത്ര ഗണിത സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയം തുടങ്ങി നാലില്‍ കൂടുതല്‍ മേളകളില്‍ പങ്കെടുത്ത നൂറില്‍ പരം കുട്ടികളുണ്ടായിരുന്നുവെന്നത് മേളയുടെ സമഗ്രത വ്യക്തമാക്കുന്ന തെളിവുകളായി.

ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വേണു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി സുധ കാവുങ്ങല്‍ പൊയില്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരനും അധ്യാപകനുമായ ഡോ ലാല്‍ രഞ്ജിത്തിന്റെ പെയിന്റിംഗ് മുഖ്യാതിഥിക്ക് മേള കണ്‍വീനര്‍ രാജേഷ് മാസ്റ്റര്‍ ഉപഹാരമായി നല്‍കി വിദ്യാലയത്തിന്റെ നന്ദി അറിയിച്ചു.

വയനാട്ടിന്റെ കണ്ണീരും കേരളത്തിന്റെ പരിസ്ഥിതി നേരിടുന്ന പ്രശ്‌നങ്ങളും സ്റ്റില്‍ മോഡലുകളിലായി സാമൂഹ്യ ശാസ്ത മേളയില്‍ നിറഞ്ഞു. പുതുമ നിറഞ്ഞ ഗണിത പസിലുകളും ഗെയിമുകളും നമ്പര്‍ ചാര്‍ട്ടുകളും ആരേയും അതിശയിപ്പിക്കുന്ന മികവില്‍ തീര്‍ത്ത ജ്യോമട്രി പാറ്റേണുകളും ഗണിത മേളയെ സജീവമാക്കി.

നാട്ടില്‍ കിട്ടുന്ന സാധനങ്ങളുപയോഗിച്ച് കുട്ടികളൊരുക്കിയ ശാസ്ത്ര പരീക്ഷണങ്ങള്‍ ഭാവി ശാസ്ത്രലോകത്തിനുള്ള വാഗ്ദാനങ്ങളുണ്ടന്ന് വിളിച്ചു പറയുന്നവയായിരുന്നു. നഗരാസൂത്രണവും ജലസംക്രമണവും മികവാര്‍ന്ന സ്റ്റില്‍ മോഡലുകളായി.

ഹൈഡ്രോളിക് ലിഫ്റ്റ് മുതല്‍ വാക്വം ക്ലീനര്‍ വരെ അണിനിരന്ന ശാസ്ത്ര വര്‍ക്കിഗ് മോഡലുകളായിരുന്നു മേളയുടെ ഹൈലൈറ്റ്. കുട്ടികള്‍ വ്യത്യസ്ത ആപ്പുകളില്‍ വരച്ച ഡിജിറ്റല്‍ രചനകള്‍ ഐടി ഫെയറിന് മിഴിവേകി.
ഏറ്റവും കൂടുതല്‍ കുട്ടികള്‍ പങ്കെടുത്ത പ്രവൃത്തി പരിചയമേളയില്‍ ചന്ദനത്തിരി നിര്‍മാണം മുതല്‍ മെറ്റല്‍ എന്‍ഗ്രാവിംഗ് വരെയുള്ള ഇരുപതിലേറെ ഇനങ്ങളില്‍ പ്രദര്‍ശനം നടന്നു.

നൂറു കണക്കിന് രക്ഷിതാക്കളും നാട്ടുകാരും സമ്മാനങ്ങളുമായി മേള കാണാനെത്തിയത് ജനപ്രിയതയുടെ അടയാളമായി. ചടങ്ങില്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ അരവിന്ദാക്ഷന്‍ സ്വാഗതവും സ്‌കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.കെ.വേലായുധന്‍ മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു.

രണ്ടാം വാര്‍ഡ് മെമ്പര്‍ ശ്രീമതി സുധ എം പി, ബ്ലോക്ക് മെമ്പര്‍ ജുബീഷ് ഇ.കെ, പി.ടി.എ പ്രസിഡണ്ട് ശ്രീനിവാസന്‍ എം.പി, എം.പി.ടി പ്രസിഡന്റ് ബീന.കെ എന്നിവര്‍ ആശംസകരായ ചടങ്ങില്‍ മേള ജോയിന്റ്, സെക്രട്ടറി രോഹിണി നന്ദി പറഞ്ഞു. സ്‌കൂള്‍ പി.ടി.എ എക്‌സിക്യുട്ടീവ് മെമ്പര്‍ ദിപീഷ് വിജയികള്‍ക്കുള്ള മൊമന്റോകള്‍ സ്‌പോണ്‍സര്‍ ചെയ്തു.