നൊച്ചാട് സ്വദേശി അനുവിന്റെ മരണം കൊലപാതകം; മലപ്പുറം സ്വദേശി അറസ്റ്റിൽ


പേരാമ്പ്ര: വാളൂരില്‍ കുറങ്കുടി മീത്തല്‍ അനു(അംബിക- 26)വിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് ആണ് അറസ്റ്റിലായത്. പ്രതിയുടെ ബൈക്ക് മലപ്പുറം വാഴക്കാട് നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ ഉടൻ തെളിവെടുപ്പിന് കൊണ്ടുവരും.

തിങ്കളാഴ്ചയാണ് വാളൂര്‍ സ്വദേശിയായ അനുവിനെ കാണാതാകുന്നത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അനുവിന്‍റെ വിവരങ്ങളൊന്നും പിന്നീട് ലഭിക്കാതാകുകയായിരുന്നു. ചൊവ്വാഴ്ചയാണ് വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള നൊച്ചാട് തോട്ടില്‍ അനുവിന്‍റെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തില്‍നിന്ന് സ്വര്‍ണാഭരണം നഷ്ടപ്പെട്ടുവെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.

കൂടാതെ മുട്ടൊപ്പം വെള്ളം മാത്രമുള്ള തോട്ടില്‍ മുങ്ങിമരിക്കില്ലെന്നത് ഉറപ്പായതോടെയാണ് കൊലപാതകമാകാമെന്ന സംശയം ശക്തമായത്. തുടര്‍ന്നാണ് മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാകാമെന്ന സംശയത്തില്‍ പോലീസ് അന്വേഷണം നടത്തിയത്. സംഭവ ദിവസം പ്രദേശത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട ബൈക്ക് യാത്രികന്റെസി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

മോഷ്ടിച്ച ബൈക്കിലാണ് പ്രതി എത്തിയത്. തുടര്‍ന്ന് ഇയാള്‍ ബൈക്കില്‍ അനുവിന് ലിഫ്റ്റ് കൊടുത്തു. തുടര്‍ന്ന് വഴിയില്‍ വെച്ച് തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടി താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം സ്വർണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. ഇത് പ്രതിയുടെ സ്ഥിരം കവർച്ചാരീതിയെന്ന് പൊലീസ് വ്യക്തമാക്കി.

അനുവിന്റെ സ്വർണം കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതിയുടെ തിരിച്ചറിയൽ പരേഡും പൊലീസ് നടത്തും. കസ്റ്റഡിയിൽ എടുക്കുന്നതിനിടെ ഇയാളുടെ ആക്രമണത്തിൽ പൊലീസുകാരന് പരിക്കേറ്റിരുന്നു.