പാട്ടുപാടിയും കഥകള്‍ പറഞ്ഞും പരസ്പരം ചേര്‍ത്തുപിടിച്ചും ചങ്ങാത്തപ്പന്തലില്‍ അവര്‍ ഒത്തുചേര്‍ന്നു; അവിസ്മരണീയ അനുഭവമായി പാരാപ്ലീജിയ ബാധിതരുടെ കൂട്ടായ്മയായ ചേമഞ്ചേരി ഏയ്ഞ്ചല്‍ സ്റ്റാര്‍സിന്റെ വാര്‍ഷികാഘോഷം
കോഴിക്കോട്: പാട്ടുകള്‍ പാടിയും കഥകള്‍ പറഞ്ഞും പരസ്പരം ചേര്‍ത്തുപിടിച്ചും ചങ്ങാത്തപ്പന്തലില്‍ അവര്‍ വീണ്ടും ഒത്തുചേര്‍ന്നു. ശാരീരിക അവശതകള്‍ കാരണം വീടിനുള്ളില്‍ ഒതുങ്ങേണ്ടി വന്ന അവരെല്ലാം സ്‌നേഹം പങ്കുവെച്ച്, ഒത്തുചേരലിന്റെ മധുരമൂറും നിമിഷങ്ങള്‍ ചേര്‍ത്തു പിടിച്ചാണ് തിരികെ വീട്ടിലേക്ക് മടങ്ങിയത്. പാരാപ്ലീജയ ബാധിതരുടെ സ്വതന്ത്ര കൂട്ടായ്മയായ ചേമഞ്ചേരി ഏയ്ഞ്ചല്‍ സ്റ്റാര്‍സിന്റെ പന്ത്രണ്ടാം വാര്‍ഷികം ചങ്ങാത്തപ്പന്തല്‍ 2025 ആണ് അവിസ്മരണീയ അനുഭവമായി മാറിയത്.
ചേമഞ്ചേരി അഭയം സ്‌പെഷ്യല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ നിരവധി കലാകാരന്‍മാര്‍ കലാ വിരുന്നൊരുക്കി. അപകടത്തില്‍ പെട്ട് കിടപ്പിലായ കാലത്തെക്കുറിച്ച് ചടങ്ങില്‍ സംബന്ധിച്ച നടന്‍ നിര്‍മല്‍ പാലാഴി ഓര്‍ത്തെടുത്തു. എല്ലാം തകര്‍ന്നെന്ന് കരുതിയ ആ ദിവസങ്ങളില്‍ നിന്നാണ് താന്‍ ഉയിര്‍ത്തെഴുന്നേറ്റത്. എഴുന്നേറ്റ് നടക്കണം. അല്ല വേഗത്തില്‍ ഓടണം. നിങ്ങള്‍ക്കതിന് സാധിക്കുമെന്ന് നിര്‍മല്‍ പറഞ്ഞപ്പോള്‍ പ്രത്യാശയുടെ നിറഞ്ഞ കൈയടി ഉയര്‍ന്നു.
നടന്‍മാരും മിമിക്രി കലാകാരന്‍മാരുമായ ദേവരാജ് ദേവ്, പ്രദീപ് ബാലന്‍, മധുലാല്‍ കൊയിലാണ്ടി, സംസ്ഥാന കലോത്സവത്തില്‍ മിമിക്രിയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ച നിഷാന്‍ മുഹമ്മദ്, ഡോ. കൃപാല്‍ തുടങ്ങിയവര്‍ കലാപ്രകടനം ഒരുക്കി. ഏയ്ഞ്ചല്‍ സ്റ്റാര്‍സ് പ്രസിഡന്റ് പ്രഭാകരന്‍, സെക്രട്ടറി സാബിറ, ചലച്ചിത്ര സംവിധായകനും നടനുമായ നൗഷാദ് ഇബ്രാഹിം, കവി ബിനേഷ് ചേമഞ്ചേരി, പ്രകാശന്‍ കുനിക്കണ്ടി, മിനി, സിറാജ്, കോയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലയുടെ വിവധ ഭാഗങ്ങളില്‍ നിന്നുള്ള പാരാപ്‌ളീജിയ ബാധിതര്‍ പരിപാടിയില്‍ പങ്കെടുത്തു. നട്ടെല്ലിന്റെ വൈകല്യത്താല്‍ ശരീരത്തിനൊപ്പം ജീവിതവും തളര്‍ന്നു പോയ പാരാപ്ലീജിയ രോഗികള്‍ക്കായി ആരംഭിച്ചതാണ് ഏയ്ഞ്ചല്‍ സ്റ്റാര്‍സ്.
ഒന്നര വയസ്സില്‍ പോളിയോ ബാധിച്ച് അരയ്ക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട ചേമഞ്ചേരി സ്വദേശിനി സാബിറയും അപകടത്തില്‍ പരിക്കേറ്റ് ജീവിതം വീല്‍ ചെയറിലായ പ്രഭാകരന്‍ എളാട്ടേരിയും ചേര്‍ന്നാണ് സംഘടന ആരംഭിച്ചത്. തങ്ങളെപ്പോലെ ജീവിതം പ്രയാസത്തിലായവര്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച് പന്ത്രണ്ട് വയസിലേക്കെത്തിയ സംഘടന ഇന്ന് ഭിന്ന ശേഷിക്കാരുടെ വലിയൊരു കൂട്ടായ്മയാണ്.