കൊയിലാണ്ടിയില്‍ പിടിയിലായ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ അനീഷ് ബാബു നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാള്‍; അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച കുറ്റവാളിയെന്നും പൊലീസ്


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പിടിയിലായ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ അനീഷ് ബാബു (30) നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളെന്ന് പൊലീസ്. അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച കുറ്റവാളിയാണ് ഇയാളെന്നും പൊലീസ് പറയുന്നു.

തമ്പി എന്ന് വിളിപ്പേരുള്ള അനീഷ് സി.പി.ഐ (മാവോയിസ്റ്റ്) പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി (പി.എല്‍.ജി.എ) കേഡറാണ്. തിരുനെല്‍വേലിയിലെ ഭേദപ്പെട്ട കുടുംബത്തിലെ അംഗമാണ് ഇയാള്‍. ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യും.

വയനാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കബനീ ദളമെന്ന മാവോയിസ്റ്റ് സംഘത്തിന്റെ ഭാഗമാണ് അനീഷ് എന്നും പൊലീസ് പറഞ്ഞു. തണ്ടര്‍ ബോള്‍ട്ട് സംഘത്തിന്റെ കനത്ത കാവലിലായിരുന്നു കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ ഇയാളെ ചോദ്യം ചെയ്തത്.

കോയമ്പത്തൂരില്‍ നിന്ന് ചൊവ്വാഴ്ച വൈകുന്നേരം കൊയിലാണ്ടിയില്‍ എത്തിയപ്പോഴാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ആഴ്ചകള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പൊലീസ് ഇയാളെ വലയിലാക്കിയത്. പിന്നീട് കൊയിലാണ്ടി സ്റ്റേഷനിലെത്തിച്ച ഇയാളെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരായ എസ്.പി കറുപ്പ സ്വാമി, വടകര ഡി.വൈ.എസ്.പി ആര്‍.ഹരിപ്രസാദ്, ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്നിവരാണ് ചോദ്യം ചെയ്തത്.