ആനക്കുളത്തെ മോഷണം: ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി
കൊയിലാണ്ടി: ആനക്കുളത്ത് വീട്ടില്‍ കയറി വയോധികയുടെ മാല മോഷ്ടിച്ച സംഭവത്തില്‍ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. വടകരയില്‍ നിന്നും സി.രന്‍ജിത്തിന്റെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ധരുടെ സംഘമാണ് സ്ഥലത്തെത്തിയത്.
ബാലുശ്ശേരിയില്‍ നിന്നും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. ഒ.വി.മണി, എം.വി.വിജില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. പൊലീസ് നായ ആനക്കുളത്തെ ആക്രി കച്ചവടക്കാരന്റെ ഗോഡൗണിന് മുമ്പിലാണ് നിന്നത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആനക്കുളം റെയില്‍വേ ഗെയിറ്റിന് സമീപം വടക്കേകുറ്റിയകത്ത് ജയന്റെ വീട്ടില്‍ കള്ളന്‍ കയറിയത്. ഉറങ്ങുകയായിരുന്ന ജയന്റെ അമ്മ വിജയലക്ഷ്മിയുടെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്റെ മാലയാണ് നഷ്ടപ്പെട്ടത്.
വീടിന്റെ മുന്‍വാതില്‍ വഴിയാണ് കള്ളന്‍ ആദ്യം അകത്ത് കയറാന്‍ ശ്രമിച്ചത്. ഇത് പരാജയപ്പെട്ടതോടെ പിന്നിലെ വാതില്‍ വഴി അകത്ത് കയറുകയായിരുന്നു. തുടര്‍ന്ന് അകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന വിജയലക്ഷ്മിയുടെ കഴുത്തിലുണ്ടായിരുന്ന മാല മുറിച്ചെടുക്കുകയായിരുന്നു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.