‘മൊത്തം തുക 530, 500 രൂപ പേഴ്‌സ് കളഞ്ഞതിനുള്ള ഫൈനായി ഈടാക്കുന്നു’; കളഞ്ഞുപോയ കീഴരിയൂര്‍ സ്വദേശിയുടെ പേഴ്‌സ് ‘പിഴ’യും തപാല്‍ചാര്‍ജും ഈടാക്കി ഉടമയ്ക്ക് തപാല്‍ വഴി അയച്ച് അജ്ഞാതന്‍, ഒപ്പം ഒരു കത്തും
കീഴരിയൂര്‍: ‘മൊത്തം തുക 530, 500 രൂപ പേഴ്‌സ് കളഞ്ഞതിനുള്ള ഫൈനായി ഈടാക്കുന്നു. 20 രൂപ തപാല്‍ചാര്‍ജ് ആയി,ബാക്കി 10 രൂപ ഇതിനോടൊപ്പം വെച്ചിട്ടുണ്ട്’. കീഴരിയൂര്‍ സ്വദേശിയായ വിപിന് തന്റെ കളഞ്ഞുപോയ പേഴ്‌സും രേഖകളും തിരിച്ച് തപാലില്‍ ഏല്‍പ്പിച്ച് അജ്ഞാതന്‍.
ഒന്നര ആഴ്ച മുമ്പാണ് കീഴരിയൂര്‍ മണ്ണാടിമേല്‍ സ്വദേശിയായ വിപിന്‍ രാജിന്റെ പേഴ്‌സ് കളഞ്ഞു പോയത്. ഓട്ടോ ഡ്രൈവറായ വിപിന്‍ മേപ്പയൂര്‍ ഭാഗത്ത് ഓട്ടോയുമായി പോയപ്പോഴാണ് പോക്കറ്റില്‍ നിന്നും പേഴ്‌സ് എവിടെയോ വീണുപോയത്. വിലപ്പെട്ട.
രേഖകള്‍ ഉള്‍പ്പെടെ 530 രൂപയും പേഴ്‌സില്‍ ഉണ്ടായിരുന്നു.
ആധാര്‍ കാര്‍ഡ്, എ.ടി.എം കാര്‍ഡ് തുടങ്ങി പ്രധാനപ്പെട്ട രേഖകള്‍ അടങ്ങി പേഴ്‌സ് ഇനി തിരിച്ചുകിട്ടുമോ എന്ന് ആകുലപ്പെട്ടിരിക്കുമ്പോഴാണ് രണ്ട് ദിവസം മുന്‍പ് വിപിന് തപാല്‍ വഴി പേഴ്‌സും രേഖകളും 10 രൂപയും ലഭിക്കുന്നത്. ഒപ്പം ഒരു രസകരമായ ഓര്‍മ്മപ്പെടുത്തലോടെയുള്ള കത്തും.
കത്തില്‍ അജ്ഞാതന്‍ പറയുന്നതിങ്ങനെ
‘മൊത്തം തുക 530. 500 രൂപ പേഴ്‌സ് കളഞ്ഞതിനുള്ള ഫൈനായി ഈടാക്കുന്നു. 20 രൂപ തപാല്‍ചാര്‍ജ് ആയി. ബാക്കി 10 രൂപ ഇതിനോടൊപ്പം വെച്ചിട്ടുണ്ട്. ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചാലും സീറ്റ് ബെല്‍റ്റ് ഇടാതെ കാര്‍ ഓടിച്ചാലും ഫൈന്‍ ഈടാക്കും. അവനവന്റെ സാധനം സൂക്ഷിക്കാത്തതിനാണ് ഈ ഫൈന്‍ ഈടാക്കുന്നത്. ഇത് ഒരു പാഠം ആക്കണം. ഇത് ചെയ്തില്ലെങ്കില്‍ താങ്കള്‍ ഇനിയും സൂക്ഷിക്കില്ല’.
520 രൂപ പോയെങ്കിലും തന്റെ വിലപ്പെട്ട രേഖകള്‍ തിരിച്ചുലഭിച്ചതിന്റെ സന്തോഷത്തിലാണ് വിപിന്‍. ഒപ്പം വ്യത്യസ്തമായ കത്ത് ലഭിച്ചതിന്റെ കൗതുകത്തിലും.