പന്തലായനി ചരിത്ര വര്‍ത്തമാനങ്ങള്‍; ഗ്രന്ഥ രചനക്കായി കൊയിലാണ്ടിയില്‍ ഓപ്പണ്‍ ഡിബേറ്റ് സംഘടിപ്പിച്ചു


കൊയിലാണ്ടി: പന്തലായനി ചരിത്ര ഗവേഷണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചരിത്ര ക്രോഡീകരണത്തിന്റെ ഭാഗമായി നടന്ന ഓപണ്‍ ഡിബേറ്റ് സംഘടിപ്പിച്ചു. പ്രമുഖ ചരിത്രകാരനും ഗ്രന്ഥകാരനുമായ എം.ആര്‍ രാഘവവാര്യര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പന്തലായനി ചരിത്ര പഠന ഗവേഷണ സമിതി പുറത്തിറക്കുന്ന പന്തലായനി, ചരിത്ര വര്‍ത്തമാനങ്ങള്‍ ഗ്രന്ഥരചനയുടെ ഭാഗമായിട്ടാണ് ഓപണ്‍ ഡിബേറ്റ് എന്ന പേരില്‍ സംവാദം സംഘടിപ്പിച്ചത്.


ചരിത്രം വസ്തുതാപരമായിരിക്കണമെന്നും മിത്തുകളുടെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തിലുള്ള ഗ്രന്ഥ രചന ചരിത്രവിരുദ്ധവും സമൂഹത്തോടുള്ള വഞ്ചനയുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ ചിരപുരാതനമായ സാംസ്‌കാരിക വാണിജ്യ കേന്ദ്രമായിരുന്നു പന്തലായനിയെന്നും അത് വേണ്ട രീതിയില്‍ ചരിത്രാന്വേഷകരുടെ മുമ്പാകെ എത്തിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ കാലത്ത് ചരിത്രം ദിനേനെയെന്നോണം നവീകരണത്തിന് വിധേയമായികൊണ്ടിരിക്കുന്നുവെന്നും ഓരോ വ്യക്തിയും ചരിത്രത്തിന്റെ നിര്‍മ്മാതാക്കളാകുന്നുവെന്നും സംവാദത്തില്‍ പങ്കെടുത്തുകൊണ്ട് പ്രമുഖ ആര്‍ക്കിയോളജിസ്റ്റും ഗ്രന്ഥകാരനുമായ ഡോ. എന്‍.എം ഹുസൈന്‍ അഭിപ്രായപ്പെട്ടു.

കൊയിലാണ്ടിയിലെ വിവിധ കോളജുകളെ പ്രതിനിധീകരിച്ച് വിദ്യാര്‍ത്ഥികളും പന്തലായനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എഴുത്തുകാരും അധ്യാപകരും ചരിത്രാന്വേഷികളും ഓപണ്‍ ഡിബേറ്റില്‍ പങ്കെടുത്തു. സീതിസാഹിബ് പഠന ഗവേഷണ ഗ്രന്ഥശാലയിലേക്കുള്ള റഫറന്‍സ് ഗ്രന്ഥങ്ങളുടെ ശേഖരം ചടങ്ങില്‍ വെച്ച് മുന്‍ വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി കുല്‍സു ടീച്ചറില്‍ നിന്ന് മുന്‍ പി.എസ്.സി അഗം ടി.ടി ഇസ്മയില്‍ ഏറ്റുവാങ്ങി.

Description: an-open-debate-was-organized-at-koyilandy-for-book-writing.