തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധന്‍ മരിച്ചു


തലശ്ശേരി: എരങ്ങോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധന്‍ മരിച്ചു. എരഞ്ഞോളി സ്വദേശിയായ കൊടക്കളത്തെ വേലായുധനാണ് മരിച്ചത്. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഇന്ന് ഉച്ചയോടുകൂടിയായിരുന്നു സംഭവം. വേലായുധന്റെ വീടിനോട് ചേര്‍ന്നുള്ള ആള്‍താമസമില്ലാത്ത പറമ്പില്‍ തേങ്ങ പെറുക്കാന്‍ പോയപ്പോഴാണ് സംഭവമുണ്ടായത്. പറമ്പില്‍ നിന്ന് കിട്ടിയ വസ്തു തുറന്നുനോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പൊട്ടിത്തെറിച്ചത് സ്റ്റീല്‍ബോംബാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ഓഫീസിന് തൊട്ടടുത്താണ് വേലായുധന്റെ വീട്.

വേലായുധന്റെ മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.