കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം ഐ.ടി പാര്‍ക്ക് സ്ഥാപിക്കും; കിഫ്ബിയില്‍ നിന്നും അനുവദിച്ചത് 293.22കോടി
തിരുവനന്തപുരം: കൊല്ലം, കണ്ണൂര്‍ നഗരങ്ങളില്‍ പുതിയ ഐടി പാര്‍ക്ക് സ്ഥാപിക്കുമെന്ന് സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കിഫ്ബിയും കിന്‍ഫ്രയും കൊല്ലം കോര്‍പ്പറേഷനും തമ്മിലേര്‍പ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും ഐടി പാര്‍ക്ക് പദ്ധതിക്ക് രൂപം നല്‍കുക. 2025 – 2026ല്‍ പാര്‍ക്കിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 25 ഏക്കറില്‍ അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഐടി പാര്‍ക്ക് സ്ഥാപിക്കുക. ഇതിനായി 293.22 കോടി രൂപ കിഫ്ബിയില്‍ നിന്ന് അനുവദിച്ചു. പദ്ധതിക്കുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന കാര്യത്തില്‍ ഭൂമി ഏറ്റെടുത്ത് വരുമാനമുണ്ടാക്കുന്ന പദ്ധതിയായി ഇത് നടപ്പിലാക്കും. ആത്മവിശ്വാസം നല്കുന്ന പൈലറ്റ് പദ്ധതിയാണിത്. കൊട്ടാരക്കരയിലെ രവി നഗറില്‍ സ്ഥിതിചെയ്യുന്ന കല്ലട ജലസേചന പദ്ധതി ക്യാമ്പസിലെ ഭൂമിയില്‍ ഒരു ഐടി പാര്‍ക്ക് സ്ഥാപിക്കും. സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട് സംവിധാനമുള്ള 97,370 ചതുരശ്രയടി ബില്‍ഡപ്പ് ഏരിയയോട് കൂടിയതായിരിക്കും ഈ ഐടി പാര്‍ക്ക്.
ഈ മാര്‍ഗരേഖകളുടെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത രണ്ട് വര്‍ഷങ്ങളില്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി പ്രയോജനപ്പെടുത്തി 100 പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള വിശദമായ പരിപാടി തയ്യാറാക്കുന്നതാണ്. കിഫ്ബി വിഭാവനം ചെയ്യുന്ന റവന്യു ജനറേറ്റിങ്ങ് പദ്ധതികളുടെ ഭാഗമായാണ് ഇവ പ്രഖ്യാപിക്കുന്നത്.
Summary: An IT park will be established near the Kannur airport