അരിക്കുളത്ത് പശുവിന്റെ ദേഹത്ത് ഇരുമ്പ് കമ്പി തുളച്ചു കയറി; രക്ഷകരായി കൊയിലാണ്ടി അഗ്നിരക്ഷാ സേന


കൊയിലാണ്ടി: അരിക്കുളത്ത് ഇരുമ്പ് കമ്പി ശരീരത്തില്‍ തുളച്ചു കയറിയ പശുവിനെ കൊയിലാണ്ടി അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കുരുടിവീട് തെക്കേടത്ത് സുരേന്ദ്രന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പശുവിനാണ് തൊഴിത്തിനുള്ളിലെ ഇരുമ്പ് കമ്പി ശരീരരത്തില്‍ തുളച്ചു കയറിയത്.

ഇന്ന് രാവിലെ 10മണിയോടെയാണ് സംഭവം. തുടര്‍ന്ന് വീട്ടുകാര്‍ കൊയിലാണ്ടി അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പി.കെയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി ഇരുമ്പ് കമ്പി മുറിച്ചു മാറ്റി പശുവിനെ സുരക്ഷിതമാക്കി.

ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രദീപ് കെ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇർഷാദ് പി.കെ, വിഷ്ണു, നിതിൻ രാജ്, ഹോം ഗാർഡ് പ്രദീപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.