കുസാറ്റ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഒരുവര്‍ഷം മുന്‍പ് കോഴിക്കോട് നടന്ന സമാനസംഭവവും ചര്‍ച്ചയാവുന്നു


കോഴിക്കോട്: കുസാറ്റിലെ അപകടം ചര്‍ച്ചയാവുമ്പേള്‍ കോഴിക്കോടും സമാനസംഭവത്തിന് സാക്ഷ്യം വഹിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 21 നായിരുന്നു കോഴിക്കോട് ബീച്ചിലെ സംഗീത പരിപാടിക്കിടെ അപകടം ഉണ്ടായത്.

അന്ന് തിക്കിലും തിരക്കിലും പെട്ട് ബാരിക്കേഡ് തകര്‍ന്ന് ഇരുപതോളം പേര്‍ക്കാണ് പരിക്കേറ്റത്. ജെ.ഡി.ടി ആര്‍ട്‌സ് കോളേജ് സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെയായിരുന്നു അപകടം. സംഘാടകസമിതി പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ ബീച്ചിലെത്തിയതോടെയാണ് വലിയ തിരക്ക് അനുഭവപ്പെട്ടത്. അതിനിടെ ബാരിക്കേഡ് തകര്‍ന്നുവീഴുകയായിരുന്നു.

പോലീസ് കൃത്യസമയത്ത് ഇടപെട്ടത് കാരണം നിസ്സാര പരിക്കുകള്‍ മാത്രമാണ് അന്ന് സംഭവിച്ചിരുന്നത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന് പോലും ആളുകള്‍ എത്തിയ തിരക്കുകാരണം പോലീസ് ലാത്തി വീശിയാണ് ആളുകളെ ഒഴിപ്പിച്ചത്.

ബീച്ചിന് മുന്നിലെ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞും മറ്റും കര്‍ശന നിയന്ത്രണം അന്ന് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കുസാറ്റില്‍ നടന്ന അപ്രതീക്ഷിത അപകടത്തില്‍ നാല് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.