ഐസ് പാക്ക് ചെയ്യുന്നതിനിടെ ജീവനക്കാരന്‍ രുചിച്ചുനോക്കുന്ന ദൃശ്യം പുറത്തായി; കോഴിക്കോട്ടെ സ്ഥാപനം പൂട്ടിച്ച് സീല്‍ ചെയ്തു


കോഴിക്കോട്: ഐസ് പാക്ക് ചെയ്യുന്നതിനിടെ സ്ഥാപനത്തിലെ ജീവനക്കാരന്‍ രുചിച്ചുനോക്കുന്ന ദൃശ്യം പുറത്തായതിന് പിന്നാലെ സ്ഥാപനത്തിനെതിരെ നടപടി. കോഴിക്കോട് എളേറ്റില്‍ വട്ടോളി ഇയ്യാട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഐസ് മി എന്ന സ്ഥാപനം പൂട്ടിച്ച് സീല്‍ ചെയ്തു.

ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ ഉപകരണങ്ങളുമായി സ്ഥാപനത്തിലുള്ളവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇത് നാട്ടുകാര്‍ തടയുകയായിരുന്നു. ഇവരുടെ കാര്‍ നാട്ടുകാര്‍ തടഞ്ഞ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി കാറില്‍ കയറ്റിയ സാധനങ്ങളെല്ലാം തിരികെ കടയില്‍ വെപ്പിക്കുകയും കാര്‍ കസ്റ്റഡിയിലെടുത്ത് കട സീല്‍ ചെയ്യുകയും ചെയ്തു.

പാക്കിങ്ങിനെടുക്കുന്ന ഐസ് രുചിച്ചുനോക്കി പാക്ക് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടികള്‍ക്കുവേണ്ടി ഐസ് വാങ്ങാനെത്തിയ മങ്ങാട് സ്വദേശി സജിത്താണ് ഇത് കണ്ട് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഇത് പിന്നീട് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു. ജില്ലയില്‍ മഞ്ഞപ്പിത്തംപോലുള്ള രോഗങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഈ ദൃശ്യങ്ങള്‍ ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.

സ്ഥാപനത്തിനെതിരെ തുടര്‍നടപടികള്‍ക്കായി പൊലീസ് ആരോഗ്യവകുപ്പിനെ ബന്ധപ്പെട്ടിട്ടുണ്ട്. ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Summary: An employee was seen tasting while packing ice; The institution in Kozhikode was closed and sealed