വൈദ്യുതി നിരക്ക് വ‍ർദ്ധനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇന്നുണ്ടായേക്കും; യൂണിറ്റിന് 10 പൈസ മുതൽ 20 പൈസ വരെ കൂടാൻ സാധ്യത


തിരുവനന്തപുരം: വൈദ്യുതി നിരക്ക് വ‍ർദ്ധനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇന്നുണ്ടായേക്കും. യൂണിറ്റിന് 10 പൈസ മുതൽ 20 പൈസ വരെ കൂടാനാണ് സാധ്യത. വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാതെ മുന്നോട്ടു പോകാനാവില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

വൈദ്യുതി നിരക്ക് വ‍ർദ്ധനവുമായി ബന്ധപ്പെട്ട് വൈദ്യുതി റ​ഗുലേറ്ററി കമ്മീഷൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വൈദ്യുതി ഉപയോ​ഗം കൂടിയിരിക്കുന്ന വേനൽ കാലത്ത് സമ്മർ താരിഫ് ഏർപ്പെടുത്തണമെന്ന കെഎസ്ഇബിയുടെ ആവശ്യം അതിനാൽ തന്നെ സർക്കാ‍ർ അം​ഗീകരിച്ചേക്കില്ല. യൂണിറ്റിന് പത്ത് പൈസവീതം സമ്മർ താരിഫ് ഏ‍ർപ്പെടുത്തണമെന്നായിരുന്നു കെഎസ്ഇബിയുടെ ആവശ്യം.

നിലവിലെ സാഹചര്യത്തിൽ പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോ​ഗിക്കുന്നവരെ നിരക്ക് വ‍ർദ്ധനവിൽ നിന്നും ഒഴിവാക്കും. അതോടൊപ്പം നിലവിൽ നൽകുന്ന സൗജന്യ വൈദുതിയുടെ ​ഗുണഭോക്താക്കളുടെ പട്ടികയിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്താനും ആലോചനയുണ്ട്.