അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയില്‍ കഴിയുന്ന തിക്കോടി സ്വദേശിയായ പതിനാലുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതി
തിക്കോടി: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന തിക്കോടി സ്വദേശിയായ പതിനാലുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഐസിയുവില്‍ കഴിയുന്ന കുട്ടിയെ ഉടന്‍ മിനി ഐസിയുവിലേക്ക് മാറ്റുമെന്നാണ് ലഭിക്കുന്ന വിവരം.
ആശങ്കപ്പെടേണ്ട ഘട്ടം കഴിഞ്ഞെന്നും, ഈ രീതിയില്‍ തന്നെ തുടരുകയാണെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ രോഗം പൂര്‍ണമായും ഭേദമാകുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ജര്‍മനിയില്‍ നിന്നും എത്തിച്ചതുള്‍പ്പെടെ അഞ്ച് മരുന്നുകളാണ് കുട്ടിക്ക് നല്‍കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ കുട്ടി ചികിത്സ തേടിയിരുന്നു. അതിനാല്‍ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയാന്‍ സാധിച്ചു.