Payyoli Boy Missing | വെള്ളത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍, പരിചയസമ്പന്നരായ മുങ്ങല്‍വിദഗ്ധര്‍; പയ്യോളിയില്‍ പുഴയില്‍ കാണാതായ വിദ്യാര്‍ഥിയെ തിരയാനായി കൂരാച്ചുണ്ടിലെ അമീന്‍ റെസ്‌ക്യൂ ഫോഴ്‌സും


പയ്യോളി: കീഴൂര്‍ തുറശ്ശേരിക്കടവില്‍ പതിനേഴുകാരന്‍ പുഴയില്‍ ചാടിയെന്ന സംശയത്തെ തുടര്‍ന്ന് തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നു. തിരച്ചിലിനായി കൂരാച്ചുണ്ടില്‍ നിന്നുള്ള അമീന്‍ റെസ്‌ക്യു ഫോഴ്‌സും രംഗത്തുണ്ട്. വെള്ളത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ ഉള്‍പ്പെടുന്ന സൗകര്യങ്ങളുള്ള സംഘമാണ് അമീന്‍ റെസ്‌ക്യു ഫോഴ്‌സ്.

എം.എല്‍.എ കാനത്തില്‍ ജമീല കലക്ടറുമായി ബന്ധപ്പെട്ടാണ് അമീന്‍ റെസ്ക്യൂ ഫോഴ്സിനെ എത്തിച്ചത്.

ഇന്നലെ രാത്രി മുതലാണ് അയനിക്കാട് സ്വദേശിയായ അയിമന്‍ മുസ്തഫ(17)നെ കാണാതായത്. മുസ്തഫയുടെ സൈക്കിളും പേഴ്‌സും തുറശ്ശേരിക്കടവ് പാലത്തിന് സമീപം കണ്ടെത്തിയ സാഹചര്യത്തിലാണ് പുഴയില്‍ തിരച്ചില്‍ നടത്തുന്നത്. ഇതുവഴി പോയ ചില സ്ത്രീകള്‍ പാലത്തിന് സമീപം കുട്ടിയെ കണ്ടിരുന്നു. സംശയകരമായ സാഹചര്യത്തില്‍ കണ്ട കുട്ടിയെ സ്ത്രീകള്‍ തിരിച്ചുവരുമ്പോള്‍ കാണാനില്ലായിരുന്നു. ഇതാണ് കുട്ടി പുഴയില്‍ ചാടിയെന്ന് സംശയിക്കാന്‍ കാരണം.

പൊലീസും നാട്ടുകാരും ബന്ധുക്കളും ഇന്നലെ രാത്രിമുതല്‍ അയ്മന്‍ മുസ്തഫയെ അന്വേഷിക്കുന്നുണ്ട്. അതിനിടെയിലാണ് ഇന്ന് രാവിലെ പാലത്തില്‍ സൈക്കിളും പേഴ്‌സും കണ്ടെത്തിയത്. ഇതോടെ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു. സ്‌കൂബ ഡൈവര്‍മാര്‍ ഉള്‍പ്പടെയുള്ള സംഘവും തിരച്ചില്‍ നടത്തുന്നുണ്ട്.

തുറശ്ശേരിക്കടവ് പാലത്തിന് സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

പയ്യോളി എസ്.ഐ എസ്.എസ് ശ്രീജേഷ്, എസ്.ഐ കെ.ടി രാജേഷ്, കൊയിലാണ്ടി തഹസില്‍ദാര്‍ എസ്.എസ് മിമി, വടകര ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ കെ. അരുണ്‍, പയ്യോളി നഗരസഭ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ്, പയ്യോളി നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.