സദ്യമാത്രമല്ല, മനസുനിറയ്ക്കുന്ന കലാവിരുന്നും ഒരുക്കിയിട്ടുണ്ട്; കൊയിലാണ്ടി നെസ്റ്റിനൊപ്പം ഓണം ആഘോഷിക്കാന്‍ കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍


കൊയിലാണ്ടി: കൊയിലാണ്ടി ഗവ. എസ്.എ.ആര്‍.ബി.ടി.എം ഗവ.കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥി വാട്‌സ്ആപ്പ് കൂട്ടായ്മ കൂട്ട് 90-2000 ന്റെ ഇത്തവണത്തെ ഓണാഘോഷം കൊയിലാണ്ടി നെസ്റ്റിനൊപ്പം. പെരുവട്ടൂരിലെ നിയാര്‍ക്ക് ക്യാമ്പസില്‍ സെപ്റ്റംബര്‍ 16നാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഓണാഘോഷത്തിനൊപ്പം കൂട്ട് അംഗങ്ങളായ നാലു വീട്ടമ്മമാരുടെ കവിതകളുടെ പ്രകാശന ചടങ്ങ് നടക്കും. കവിയും എഴുത്തുകാരനുമായ കല്‍പ്പറ്റ നാരായണന്‍ ആണ് പുസ്തക പ്രകാശനം നിര്‍വഹിക്കുന്നത്. നജീബ് മൂടാടി പുസ്തകം ഏറ്റുവാങ്ങും. പ്രേമന്‍ മുചുകുന്ന് പുസ്തകപരിചയം നടത്തും.

ഓണസദ്യയ്ക്കുശേഷം തിരുവാതിരക്കളിയും മധുലാല്‍ കൊയിലാണ്ടിയുടെ മിമിക്രിയും അശ്വനിദേവ് നയിക്കുന്ന പാട്ടും പറച്ചിലും എന്ന സംഗീതപരിപാടിയും അജീഷ് മുചുകുന്നിന്റെ നാടന്‍പാട്ടും മറ്റ് കലാപരിപാടികളും അരങ്ങേറും.

തിങ്കളാഴ്ച പതിനൊന്നു മണിക്ക് ഓണാഘോഷ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം കല്‍പ്പറ്റ നാരായണന്‍ നിര്‍വഹിക്കും. വി.അനൂപ് സ്വാഗതം പറയുന്ന ചടങ്ങില്‍ നെസ്റ്റ് ചെയര്‍മാന്‍ അബ്ദുള്ള കരുവാഞ്ചേരി അധ്യക്ഷനാകും. നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍, വാര്‍ഡ് കൗണ്‍സിലര്‍ ടി.ചന്ദ്രിക എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിക്കും. അനീഷ് മുചുകുന്ന് നന്ദി രേഖപ്പെടുത്തും.

Summary: Alumni of Koilandi S.A.R.B.T.M. College to celebrate Onam with Koyilandy Nest