അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപണം; തിരുവങ്ങൂര്‍ സ്‌ക്കൂളിന് മുമ്പില്‍ പ്രതിഷേധ മാര്‍ച്ചുമായി എസ്എഫ്ഐ


കൊയിലാണ്ടി: വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപിച്ച് തിരുവങ്ങൂര്‍ സ്‌ക്കൂള്‍ അധ്യാപകനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ. സ്‌ക്കൂളിലെ മലയാളം അധ്യാപകനായ സുബൈറിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്‌. അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ തിരുവങ്ങൂര്‍ സ്‌ക്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

വെങ്ങളം സ്വദേശിയായ സ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം അധ്യാപകനെതിരെ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. 16ന് രാവിലെ 9.50ന് സ്‌ക്കൂളിലെത്തിയ എന്നെയും സുഹൃത്തിനെയും 5മിനുറ്റ് വൈകിയെത്തി എന്ന കാരണം പറഞ്ഞ് സുബൈര്‍ എന്ന അധ്യാപകന്‍ ചൂരല്‍ കൊണ്ട് 2തവണ അതിശക്തിയായി അടിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. അതിയായ ശക്തിയില്‍ വലത് കാലിന്റെ മുട്ടിന്റെ പിറക് വശത്ത് അടിക്കുകയും അവിടെ മുറിയുകയും അസഹസ്യമായ വേദന അനുഭവപ്പെട്ടുവെന്നും വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് നടക്കാന്‍ പ്രയാസം വരികയും അതേ സ്‌ക്കൂളില്‍ പഠിക്കുന്ന സഹോദരനെയും കൂട്ടി ആശുപത്രിയില്‍ പോയെന്നും, അധ്യാപകന്‍ സ്ഥിരമായി ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളെ അകാരണമായി മര്‍ദ്ദിക്കാറുണ്ടെന്നും സഹോദരനെയും മുമ്പ് ഒരു കാരണവുമില്ലാതെ മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ അനുഭവം മറ്റാര്‍ക്കും ഉണ്ടാവാതിരിക്കാന്‍ മാതൃകാപരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥി പരാതി നല്‍കിയിരിക്കുന്നത്.

പരാതിക്ക് പിന്നാലെ സ്‌ക്കൂളുമായി ബന്ധപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകരോട് പരാതി പരിശോധിക്കുകയാണെന്നും ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നുമാണ് അധികൃതര്‍ പറഞ്ഞത്. അധ്യാപകരുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള
നിരന്തരമായി വിദ്യാർത്ഥികൾക്ക് ഉണ്ടാവുവുന്നുണ്ടെന്നും ഇതിൽ പരാതി നൽകിയ വിദ്യാർത്ഥികളെ വീട്ടിൽ ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കാറുണ്ടെന്നും ഇത് ചോദ്യം ചെയ്യുമ്പോൾ ധിക്കാരപരമായ സമീപമാനമാണ് ചില അധ്യാപകരും സംഘവും സ്വീകരിക്കുന്നതെന്നും എസ്എഫ്ഐ ഉന്നയിച്ചു.

ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ സെക്രട്ടറി എൻ ബിജീഷ് ഉത്ഘാടനം ചെയ്തു. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ഫർഹാൻ സ്വാഗതവും ഏരിയ പ്രസിഡന്റ്‌ നവ്തേജ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം അർച്ചന ഏരിയ വൈസ് പ്രസിഡന്റ്‌ അഭിനവ് എന്നിവർ സംസാരിച്ചു.