കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ഉണ്ണികുളം വനിതാ സഹകരണ സംഘത്തില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പെന്ന് പരാതി; ക്രമക്കേടില്‍ സഹകരണ വകുപ്പ് അന്വേഷണം ആരംഭിച്ചു
ഉണ്ണികുളം: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ഉണ്ണികുളം വനിതാ സഹകരണ സംഘത്തില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പെന്ന് പരാതി. കാലാവധി കഴിഞ്ഞിട്ടും നിക്ഷേപകര്‍ക്ക് അധികൃതര്‍ പണം തിരികെ നല്‍കിയിരുന്നില്ല. പത്തുകോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ആരോപണം. ക്രമക്കേടില്‍ സഹകരണ വകുപ്പ് അന്വേഷണം ആരംഭിച്ചു.
2016-2020 കാലഘട്ടത്തില്‍ സഹകരണ സംഘത്തില്‍ കോടികളുടെ ക്രമക്കേട് നടന്നതായാണ് പരാതി. ബാങ്കിന്റെ മുന്‍ ഭരണ സമിതി സെക്രട്ടറി പി.കെ.ബിന്ദുവും പ്രസിഡന്റും ചേര്‍ന്ന് നിക്ഷേപ തട്ടിപ്പ് നടത്തിയതായാണ് ആരോപണം. കഴിഞ്ഞവര്‍ഷം ഡിസംബര്‍ മുതലാണ് നിക്ഷേപകര്‍ പണം തിരികെ ലഭിക്കാന്‍ വനിതാ സഹകരണ സംഘത്തെ സമീപിച്ചത്. നിരവധി നിക്ഷേപകര്‍ പണം കിട്ടാതെ മടങ്ങിപ്പോയപ്പോഴാണ് ബാങ്കിന്റെ ഞെട്ടിപ്പിക്കുന്ന ക്രമക്കേടിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
32 വര്‍ഷമായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ്് ഈ വനിതാ സഹകരണ സംഘത്തെ നയിക്കുന്നത്. സഹകരണ സംഘത്തില്‍ 430ല്‍ അധികം നിക്ഷേപകരുണ്ട്. ആയിരം രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ നിക്ഷേപിച്ചവരുമുണ്ട്. നിക്ഷേപകര്‍ പണം തിരികെ ആവശ്യപ്പെടുമ്പോള്‍ ഫണ്ടില്ലെന്ന് പറഞ്ഞ് അധികൃതര്‍ നീട്ടിക്കൊണ്ടുപോവുകയാണ്. നിക്ഷേപിച്ച തുക തിരികെ കിട്ടാന്‍ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് നിക്ഷേപകര്‍.
2021ല്‍ പുതിയ ഭരണസമിതി ചുമതലയേറ്റിരുന്നെങ്കിലും പി.കെ.ബിന്ദു സെക്രട്ടറിയായി തുടര്‍ന്നു. ആരോപണത്തെ തുടര്‍ന്ന് ഇവരെ സെക്രട്ടറി സ്ഥാനത്ത് നിന്ന് അന്വേഷണ വിധേയമായി നീക്കി മറ്റൊരാള്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു. ക്രമക്കേടിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പി.കെ.ബിന്ദുവിനാണെന്നാണ് ഭരണസമിതിയുടെ ആരോപണം.