മേളപ്പെരുപ്പത്തിന് സമാപനം; കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച അഖിലകേരള തായമ്പക മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി പാലക്കാട് സ്വദേശി


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച അഖിലകേരള തായമ്പക മത്സരത്തിന് സമാപനം. കുറുവങ്ങാട് നരിക്കുനി എടമന വേട്ടയ്ക്കൊരു മകന്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന പരിപാടിയില്‍ പാലക്കാട് മഞ്ഞപ്പാറ അദ്വൈത്. ജി.വാര്യര്‍ ഒന്നാം സ്ഥാനം നേടി. മട്ടന്നൂര്‍ സ്വദേശികളായ ഗൗരീശങ്കര്‍ രണ്ടാം സ്ഥാനവും ഗിരിശങ്കര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 17 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. സമാപന സമ്മേളനം പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഉദ്ഘാടനം ചെയ്തു. ഒന്ന്,രണ്ട്,മൂന്ന് സ്ഥാനം നേടിയവര്‍ക്ക് സ്വര്‍ണ്ണ മെഡല്‍ സമ്മാനിച്ചു. കേരളത്തിന്റെ താളവാദ്യ വിശേഷമായ തായമ്പകയുടെ ഭാവി യുവതലമുറയുടെ കൈകളില്‍ ശോഭനമാണെന്ന് തായമ്പകോത്സവത്തിലെ മത്സരാര്‍ത്ഥികള്‍ തെളിയിച്ചതായി അദ്ദേഹം പറഞ്ഞു.

ശ്രീരുദ്ര ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്‍.ഇ.മോഹനന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പ്രശസ്ത നടന്‍ സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥിയായിരുന്നു. കൊയിലാണ്ടി നഗരസഭാ ചെയര്‍ പേര്‍സണ്‍ സുധ കിഴക്കേപ്പാട്ട് അനുമോദനം നടത്തി.
പ്രമുഖ കലാനിരൂപകന്‍ എന്‍.പി. വിജയകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ ബിന്ദു. പി.ബി, രാജു മാസ്റ്റര്‍, എന്‍.ഇ. ഹരികുമാര്‍, പ്രജേഷ്. ഇ.കെ എന്നിവര്‍ സംസാരിച്ചു.