കാര്‍ഷിക യന്ത്രങ്ങള്‍ക്ക് കേടുപാട് പറ്റിയോ? മേലടിയിലെ കര്‍ഷകര്‍ക്കായി കാര്‍ഷിക യന്ത്രങ്ങളുടെ റിപ്പയര്‍ ക്യാമ്പ് നവംബര്‍ പതിനഞ്ച് മുതല്‍
തിക്കോടി: കേരള സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷനും മേലടി ബ്ലോക്ക് പഞ്ചായത്തും തിക്കോടി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത് ദിവസം നീണ്ടുനില്‍ക്കുന്ന കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ക്യാമ്പിന് ബുധനാഴ്ച തുടക്കമാകും. ‘കാര്‍ഷിക യന്ത്രം സര്‍വ്വം ചലിതം മേലടി’ – എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പ് നവംബര്‍ പതിനഞ്ച് മുതല്‍ ഡിസംബര്‍ നാല് വരെ മേലടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ചാണ് നടക്കുന്നത്.
മേലടി ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ വരുന്ന തുറയൂര്‍, കീഴരിയൂര്‍, മേപ്പയ്യൂര്‍, തിക്കോടി, എന്നീ പഞ്ചായത്തുകളിലെയും പയ്യോളി മുനിസിപ്പാലിറ്റിയിലെയും എല്ലാ കാര്‍ഷിക യന്ത്രങ്ങളും അറ്റകുറ്റപ്പണി തീര്‍ത്തു നല്‍കുന്നതാണ് ഈ ക്യാമ്പിന്റെ പ്രാഥമിക ലക്ഷ്യം. ഈ സേവനം തികച്ചും സൗജന്യമായാണ് നല്‍കുന്നത്, എന്നാല്‍ ഏതെങ്കിലും സ്‌പെയര്‍ പാര്‍ട്‌സുകള്‍ ആവശ്യമായി വന്നാല്‍ ആ തുക മാത്രം കര്‍ഷകരില്‍ നിന്നും ഈടാക്കും. സ്‌പെയര്‍ പാര്‍ട്‌സുകള്‍ യഥാസമയം ലഭ്യമാക്കാനുള്ള സൗകര്യം ഈ ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്.
കാര്‍ഷിക യന്ത്രങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിനോടൊപ്പം കര്‍ഷകരില്‍ യന്ത്രങ്ങളുടെ പരിപാലനത്തെക്കുറിച്ച് അവബോധമുണ്ടാക്കി എടുക്കുന്നതിനും ഈ ക്യാമ്പ് ലക്ഷ്യം വെക്കുന്നുണ്ട്. ട്രാക്ടര്‍, ടില്ലര്‍ തുടങ്ങിയ വലിയ യന്ത്രങ്ങള്‍ കര്‍ഷകര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ചെന്ന് റിപ്പയര്‍ ചെയ്യുന്ന മൊബൈല്‍ അഗ്രോ മെഷിനറി റിപ്പയര്‍ യൂണിറ്റിന്റെ സേവനവും ഈ ക്യാമ്പില്‍ നല്‍കുന്നുണ്ട്.
കോഴിക്കോട് ജില്ലയില്‍ ഇത്തരത്തിലുള്ള രണ്ടാമത്തെ ക്യാമ്പ് ആണ് മേലടിയില്‍ നടക്കാന്‍ പോകുന്നത്. കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിയില്‍ വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക യന്ത്ര സംരക്ഷണ കേന്ദ്രം കൂത്താളിയിലെ വിദഗ്ധരായ ടെക്‌നിഷ്യന്‍മാരാണ് ഈ ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.
ബ്രഷ് കട്ടര്‍, ചെയിന്‍ സൊ, ടില്ലര്‍, ട്രാക്ടര്‍ തുടങ്ങി ഏതൊരു കാര്‍ഷിക യന്ത്രവും ഈ ക്യാമ്പില്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതാണ്. ക്യാമ്പിന് വേണ്ട സാങ്കേതിക ഉപദേശങ്ങള്‍ നല്‍കുന്നത് കേരള സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്റെ മുഖ്യ നിര്‍വ്വഹണ ഓഫീസര്‍ ഡോ യു.ജയ്കുമാരനാണ്. മേലടി ബ്ലോക്കിലെ എല്ലാ കര്‍ഷകരും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് തിക്കോടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സ്മിത ഹരിദാസ് അറിയിച്ചു. ക്യാമ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി 9497009673 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.