ചെറുപ്പകാലഘട്ടത്തില്‍ ഒരു പെണ്‍കുട്ടിയ്ക്ക് നേരിടേണ്ടി വന്ന തീക്ഷ്ണമായ സംഭവ വികാസങ്ങള്‍; മുചുകുന്ന് സ്വദേശിനി ശ്യാമിലി പ്രവീണ്‍ രചിച്ച ആഗ്നേയി നോവല്‍ വിയ്യൂര്‍ വീക്ഷണം കലാവേദിയില്‍ വെച്ച് പ്രകാശനം ചെയ്തു


വിയ്യൂര്‍: മുചുകുന്ന് സ്വദേശിനി ശ്യാമിലി പ്രവീണ്‍ എഴുതിയ ‘ആഗ്നേയി’ നോവല്‍ വിയ്യൂര്‍ വീക്ഷണം കലാവേദിയില്‍ വെച്ച് പ്രകാശനം ചെയ്തു. ചടങ്ങില്‍ ഡോക്ടറേറ്റ് നേടിയ അധ്യാപികയെയും ആദരിച്ചു. നോവല്‍ പ്രകാശനം കൊടക്കാട് കരുണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.

ഒരു പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുന്നതാണ് ആഗ്നേയി നോലവിലൂടെ അവതരിപ്പിക്കുന്നത്. തന്റെ ചെറുപ്പകാലഘട്ടത്തില്‍ നേരിടേണ്ടി വന്ന തീക്ഷ്ണമായ സംഭവ വികാസങ്ങളെ അവളുടെ ഓരോ ജീവിത ഘട്ടങ്ങളിലും ബാധിക്കുന്നതെങ്ങനെയാണെന്ന് നോവലിലൂടെ വ്യക്തമാക്കുന്നു. അതോടൊപ്പം പ്രണയവും കുടുംബജീവിതത്തിന്റെയും സൗഹൃദത്തിന്റെയും ദൃഢമായ ബന്ധങ്ങളും നോവലിലൂടെ കാട്ടുന്നു.

കണ്ണൂര്‍ സ്വദേശിനിയായ ശ്യാമിലി സ്‌കൂള്‍ കാലഘട്ടംമുതല്‍ എഴുത്തില്‍ മുന്നിട്ടിറങ്ങിയ ആളാണ്. ഇതുവരെ നിരവധി ചെറുകഥകളും കവിതകളും രചിച്ചിട്ടുണ്ട്. കൂടാതെ സാമൂഹ്യമാധ്യമത്തില്‍ നിരന്തരം എഴുത്തുകള്‍ പോസ്റ്റ് ചെയ്യുന്ന എഴുത്തുകാരി കൂടിയാണ്.

വിയ്യൂര്‍ വീക്ഷണം കലാവേദിയില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ പാവണ്ടൂര്‍ എച്ച്.എസ്.എസ് അധ്യാപിക എം.പി ലതിക പ്രേംനെയും ആദരിച്ചു. ചടങ്ങില്‍ ഷാജി മാസ്റ്റര്‍ കീഴരിയൂര്‍, സുധീഷ് നടുവത്തൂര്‍, ധനീഷ് ശ്രെയസ് ദീപ സുനില്‍ എന്നിവര്‍ സംസാരിച്ചു. ഉപഹാരങ്ങള്‍ ഏറ്റു വാങ്ങിയ ലതിക പ്രേം, നോവലിസ്റ്റ് ശ്യാമിലി പ്രവീണ്‍ എന്നിവര്‍ നന്ദി പറഞ്ഞു.