‘ഇ.രാജഗോപാലന്‍ നായര്‍ കാട്ടിത്തന്ന രാഷ്ട്രീയദര്‍ശനം വര്‍ത്തമാനകാല രാഷട്രീയത്തില്‍ ഏറെ പ്രസക്തിയുള്ളത്’; കൊയിലാണ്ടിയില്‍ അഡ്വക്കറ്റ് ഇ രാജഗോപാലന്‍ നായര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു


കൊയിലാണ്ടി: അഡ്വക്കറ്റ് ഇ.രാജഗോപാലന്‍ നായരുടെ 31 ആം അനുസ്മരണ സമ്മേളനം കൊയിലാണ്ടിയില്‍ സംഘടിപ്പിച്ചു.
അവിഭക്ത കെപിസിസിയുടെ വൈസ് പ്രസിഡണ്ട്, ആക്ടിംഗ് പ്രസിഡണ്ട്, പ്രമുഖ സഹകാരി, പ്രഗല്‍ഭനായ അഭിഭാഷകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സംശുദ്ധ രാഷ്ട്രീയത്തിനുടമയായ വ്യക്തിയായിരുന്നു അഡ്വക്കേറ്റ് ഇ. രാജഗോപാലന്‍ നായരെന്ന് ചടങ്ങില്‍ അനുശോചിച്ചു.

അനുസ്മരണസമ്മേളനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗീയ രാഷ്ട്രീയത്തെ ചെറുതോല്‍പ്പിക്കുന്നതില്‍ ജനാധിപത്യ കക്ഷികളുടെ പങ്ക് ഏറെ പ്രസക്തമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നത്. അഡ്വക്കേറ്റ് ഈ രാജഗോപാലന്‍ നായരെ പോലുള്ള ക്രാന്ത ദര്‍ശികളായ നേതാക്കന്മാര്‍ നമുക്ക് കാട്ടിത്തന്ന രാഷ്ട്രീയ ദര്‍ശനം വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ഏറെ പ്രസക്തിയുള്ളതാണെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

എന്‍.സി.പി. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി സി.കെ നാണു മുഖ്യപ്രഭാഷണം നടത്തി. അഡ്വ കെ. പ്രവീണ്‍കുമാര്‍, അഡ്വ കെ. സത്യന്‍, അഡ്വ സുനില്‍ മോഹന്‍, അഡ്വ. എ.വിനോദ് കുമാര്‍, സി. സത്യചന്ദ്രന്‍, പി. ചാത്തപ്പന്‍, പി.കെ.എം ബാലകൃഷ്ണന്‍, കെ.ടി എം. കോയ, സി. രമേശന്‍, കെ.കെ ശ്രീഷു, ചേനോത്ത് ഭാസ്‌കരന്‍, ഇ. ബേബി വാസന്‍, ഇ.എസ് രാജന്‍ എന്നിവര്‍ സംസാരിച്ചു.

Description: Advocate E. Rajagopalan Nair's 31st commemoration meeting was organized at Koyilandy