മയക്കുമരുന്ന് കേസ് പ്രതിയെ തടങ്കലിലിട്ടതും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതും ശരിവെച്ച് ഉപദേശക സമിതി; നടപടി കോഴിക്കോട് നിന്നും 56 കിലോ കഞ്ചാവുമായി പിടിയിലായ അന്തര്‍ സംസ്ഥാന കുറ്റവാളിയുടെ കാര്യത്തില്‍


കോഴിക്കോട്: മയക്കു മരുന്ന് കേസിലെ അന്തര്‍ സംസ്ഥാന കുറ്റവാളിയുടെ തടങ്കല്‍ ഉത്തരവ് ശരിവെച്ച് ഉപദേശക സമിതി. ചാത്തമംഗലം ചൂലൂര്‍ സ്വദേശി മുരളീധരനെതിരെ പുറപ്പെടുവിച്ച ഉത്തരവാണ് ഉപദേശക സമിതി ശരിവെച്ചത്. മയക്കുമരുന്ന് വില്‍പ്പനയിലൂടെ പണവും സ്വത്തുക്കളും സമ്പാദിക്കുന്ന ആളുകളെ തടങ്കലില്‍ പാര്‍പ്പിക്കുന്നതിനും ഇതുവഴി സമ്പാദിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുമായി Prevention of Illicit Trafficking in Narcotic Drugs & Psychotropic Substance Act (PIT NDPS) പ്രകാരം നടപടി സ്വീകരിച്ച് നിലവില്‍ ജയിലില്‍ കഴിയുന്ന മുരളീധരനെ പുറപ്പെടുവിച്ച തടങ്കല്‍ ഉത്തരവാണ് ശരിവെച്ചത്.

കോഴിക്കോട് സിറ്റി പോലീസ് ഈ വര്‍ഷം മാര്‍ച്ച് മുപ്പതാം തിയ്യതിയാണ് പ്രതിക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്തര്‍ സംസ്ഥാന മയക്കുമരുന്ന് കച്ചവടത്തിലെ പ്രധാനിയായ പ്രതിയ്‌ക്കെതിരെ 96 കിലോ കഞ്ചാവ് കൈവശം വെച്ചതിന് ആന്ധ്രാ പ്രദേശ് ബംഗാരുപ്പാലം പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ വര്‍ഷം ഫിബ്രവരി 21ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പുറമേ 56 കിലോ കഞ്ചാവ് വില്‍പ്പനക്കായി കൈവശം വച്ചതിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുമുണ്ട്. ഈ രണ്ടു കേസുകളുമാണ് പരിഗണിച്ചത്.

2024 മാര്‍ച്ച് മാസം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് ഒരുവര്‍ഷ കാലത്തേക്ക് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിക്കുകയും തുടര്‍ന്ന് ആഗസ്റ്റില്‍ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവിലിടുകയുമായിരുന്നു. തുടര്‍ന്ന് ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ച തടങ്കല്‍ ഉത്തരവ് ഉപദേശകസമിതി വിശദമായി പരിശോധിക്കുകയും പ്രതിക്കെതിരെ പുറപ്പെടുവിച്ച ഉത്തരവ് ശരിവെക്കുകയും ചെയ്തു. മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുന്ന പ്രതികള്‍ക്കെതിരെ പരിശോധനകള്‍ കര്‍ശനമാക്കുമെന്നും മയക്കുമരുന്നുമായി പിടികൂടുന്ന ആളുകളുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള PIT NDPS നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കുന്നതാണെന്നും നാര്‍ക്കോട്ടിക്ക് സെല്‍ അസി. പോലീസ് കമ്മീഷണര്‍കെ.എ. ബോസ് അറിയിച്ചു.

Summary: Advisory Committee upholds detention and confiscation of assets of drug case suspect