മൂടാടിയിലെ ചാക്കര വലാട്ടില്‍ റോഡ്, പയ്യോളി ഏരിപ്പറമ്പില്‍ ഡ്രൈനേജ്; കൊയിലാണ്ടി മണ്ഡലത്തില്‍ ഒന്നരക്കോടിയുടെ രൂപയുടെ ഭരണാനുമതി
കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തില്‍ രണ്ട് പദ്ധതികള്‍ക്കായി ഒന്നരക്കോടി രൂപയുടെ ഭരണാനുമതിയായി. മൂടാടി പഞ്ചായത്തിലെ ചാക്കര- വലാട്ടില്‍ റോഡ്, പയ്യോളി നഗരസഭയിലെ ഏരിപ്പറമ്പില്‍ ഡ്രൈനേജ് എന്നിവയ്ക്കായി എഴുപത്തിയഞ്ച് ലക്ഷം രൂപ വീതമാണ് ഭരണാനുമതിയായത്.
ചാക്കര പാടശേഖരത്തിലെ നെല്‍കര്‍ഷകര്‍ക്കും വാഴയില്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നവര്‍ക്കും ഏറെ പ്രയോജനകരമാണ് ചാക്കര- വലാട്ടില്‍ റോഡ്. യാത്രാ സൗകര്യമില്ലാതെ പ്രയാസപ്പെടുന്ന ഈ ഭാഗത്തെ വീട്ടുകാര്‍ക്കും പുതിയ റോഡ് വലിയ അനുഗ്രഹമാകും. കേരള സര്‍ക്കാര്‍ ഹാര്‍ബര്‍ എഞ്ചിനിയറിങ് വകുപ്പ് 75 ലക്ഷം രൂപ ഈ റോഡിന് വേണ്ടി അനുവദിച്ചിരുന്നു.
ഒന്നരക്കോടി രൂപയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ്. ഒന്നാം ഘട്ടം എന്ന നിലയിലാണ് 75ലക്ഷം രൂപ അനുവദിച്ചത്. . ഗ്രാമപഞ്ചായത്തിന്റെ നിരന്തര അഭ്യര്‍ത്ഥന പരിഗണിച്ച് കാനത്തില്‍ ജമീല എം.എല്‍.എയുടെ ശ്രമഫലമായാണ് റോഡിനുവേണ്ടി ഫണ്ട് അനുവദിക്കപ്പെട്ടത്.
പയ്യോളി നഗരസഭയിലെ ബീച്ച് ഭാഗത്താണ് ഏരിപ്പറമ്പില്‍ ഡ്രൈനേജ് വരുന്നത്. ഒരു കോടിയിലേറെയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ്. ആദ്യഘട്ടമെന്ന രീതിയിലാണ് എഴുപത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. ഈ ഭാഗത്തെ വെള്ളക്കെട്ടിന് പരിഹാരമാണ് ഈ ഡ്രൈനേജ്. ഒരുമാസത്തിനുള്ളില്‍ പണി ആരംഭിക്കുമെന്നാണ് കരുതുന്നത്.
Summary: Administrative permission of Rs.1.5 crores for projects in Koyilandy constituency