അമ്മയുടെ വരവും കാത്തിരിക്കുന്ന രണ്ട് മക്കള്‍; ഉള്ള്യേരി വാഹനാപകടത്തില്‍ മരിച്ച രമ്യയുടെ വേര്‍പാടില്‍ കണ്ണീരണിഞ്ഞ് ബന്ധുക്കളും നാട്ടുകാരും
പേരാമ്പ്ര: അമ്മ ഇനി ഒരിക്കലും തിരിച്ച് വരില്ലെന്ന സത്യം മക്കളോട് എങ്ങനെ പറയുമെന്നറിയാതെ കണ്ണീരോടെ നില്‍ക്കാനെ നാട്ടുകാര്‍ക്കും, ബന്ധുക്കള്‍ക്കും കഴിയുന്നുള്ളൂ. ഉള്ള്യേരി കരുവണ്ണൂരില്‍ ഇന്നലെ വൈകിട്ട് വാഹനാപകടത്തില്‍ മരണപ്പെട്ട രമ്യയുടെ വേര്‍പാട് ആര്‍ക്കും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല.
നാട്ടില്‍ എല്ലാ കാര്യത്തിനും സജീവമായി ഇടപെടുന്ന ആളാണ് രമ്യ. തൊഴിലുറപ്പ് മേറ്റായും പ്രവര്‍ത്തിക്കുന്നു. വളരെ കൃത്യതയോടെ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ രമ്യ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഒരു മരണ വീട്ടിലും ബന്ധുവീടുകളിലും പോകാന്‍ ഉള്ളതിനാല്‍ തൊഴിലുറപ്പില്‍ അവധിയെടുത്താണ് രമ്യ ഭര്‍ത്താവ് അനീഷിനൊപ്പം പോയത്. വേഗം തിരിച്ചെത്താന്‍ വേണ്ടി അടുത്ത വീട്ടില്‍ നിന്ന് വണ്ടി എടുത്താണ് രണ്ട് പേരും പോയത്. ഇനി ഒരിക്കലും തിരിച്ച് വരാത്ത യാത്രയാണ് അതെന്നറിയാതെയുള്ള യാത്ര.
ഉള്ള്യേരി-കുറ്റ്യാടി സംസ്ഥാന പാതയില്‍ കരുവണ്ണൂരില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്. രമ്യ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. പരിക്കേറ്റ അനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുവണ്ണൂര്‍ ടൗണില്‍ ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം.
ബസിനും പിക്കപ്പ് വാനിനും ഇടയില്‍ സ്‌ക്കൂട്ടര്‍ കുടുങ്ങിപ്പോയാണ് അപകടമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് വരികയായിരുന്ന പുലരി ബസിന് പിന്നിലായി സ്‌ക്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ പേരാമ്പ്ര ഭാഗത്ത് നിന്നും വന്ന പിക്കപ്പ് വാന്‍ തട്ടുകയായിരുന്നു. ബസിനിടയില്‍പ്പെട്ടാണ് രമ്യ മരിച്ചത്.
മക്കള്‍: ആദിദേവ് (വിദ്യാര്‍ത്ഥി പടത്തു കടവ് ഹോളീ ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ), ദേവദത്ത് (വിദ്യാര്‍ത്ഥി പടത്തു കടവ് ഹോളീ ഫാമിലി യു.പി സ്‌കൂള്‍).
കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.