കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇനി പഠനം നൂതന ശാസ്ത്ര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്; അടല്‍ ടിങ്കറിങ് ലാബ് തയ്യാര്‍
കൊയിലാണ്ടി: ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ നൂതനമായ സാധ്യതകള്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതു സമൂഹത്തിനും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന അടല്‍ ടിങ്കറിങ്ങ് ലാബ് കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്ഥാപിച്ചു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ആധുനിക സൗകര്യങ്ങളോട് കൂടി സജ്ജീകരിച്ച ലാബില്‍ വിവര സാങ്കേതിക വിദ്യ, റോബോട്ടിക്‌സ് എഞ്ചിനിയറിങ്, നിര്‍മ്മിത ബുദ്ധി എന്നിവയുടെ കൃത്യതയാര്‍ന്ന മിശ്രണമാണ് നടക്കുക. മാറുന്ന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി പുതിയ ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ ഈ ലാബ് കുട്ടികള്‍ക്ക് സൗകര്യം ഒരുക്കുന്നു. സാങ്കേതിക വിദ്യസമൂഹ നന്‍മയ്ക്ക് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടുള്ള ലാബില്‍ മെയ് മാസം മുതല്‍ കുട്ടികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും.
ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി.വത്സല, വി. എച്ച്. എസ്.സി പ്രിന്‍സിപ്പല്‍ ബിജേഷ് ഉപ്പാലക്കല്‍, പ്രധാനാധ്യാപിക പി.സി.ഗീത, എം.ജി പ്രസന്ന, എം.കെ. മുബഷിര്‍. കെ.പ്രദീപ്, പ്രതിഭ പറമ്പത്ത്, പി.സുധീര്‍ കുമാര്‍ സംസാരിച്ചു.