മുഖക്കുരുവിന് ഇതുവരെ പരിഹാരമായില്ലേ ? ഇതാ ചില പൊടിക്കൈകള്‍


മിക്കവരെയും അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ് മുഖക്കുരു. കൃത്യമല്ലാത്ത ഉറക്കം, ഹോര്‍മോണ്‍ വ്യതിയാനം, വറുത്തതും എണ്ണമയമുള്ളതുമായ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് തുടങ്ങി മുഖക്കുരുവിന് കാരണങ്ങള്‍ പലതാണ്. എന്നാല്‍ വീട്ടില്‍ തന്നെയുള്ള ചില പൊടിക്കൈകള്‍ ഉപയോഗിച്ച് മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ സാധിക്കും.

മുഖക്കുരു, മുഖത്തെ കറുത്ത പാടുകള്‍, കരുവാളിപ്പ്, കഴുത്തിന് ചുറ്റുമുള്ള കറുത്ത പാട് എന്നിവ മാറ്റാനും മുഖകാന്തി കൂട്ടാനും വളരെ നല്ലതാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്‍റ് ചര്‍മ്മത്തിലെ ചുളിവുകളെ തടയുന്നു. ഇതിനായി ആദ്യം ഒരു പഴുത്ത പപ്പായ മുറിച്ചത് ഒരു ഭാഗം എടുക്കുക. ശേഷം ഒരു ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ നാരങ്ങാ നീരും പപ്പായയും ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം.

രണ്ട് ടേബിള്‍സ്പൂണ്‍ രക്തചന്ദന പൊടിയും റോസ് വാട്ടറും മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരു മാറാനും കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മം തിളങ്ങാനും ഈ പാക്ക് സഹായിക്കും.

ഉരുളക്കിഴങ്ങ് പകുതി ഉടച്ചതിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ കടലമാവും ഒരു ടീസ്പൂണ്‍‌ നാരങ്ങാ നീരും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.

രണ്ട് ടീസ്പൂൺ കടലമാവ്‌, ഒരു ടീസ്പൂൺ തൈര്, ഒരു ടീസ്പൂൺ തേൻ, ഒരു നുള്ള് മഞ്ഞൾപൊടി എന്നിവ മിക്സ് ചെയ്യാം. ശേഷം പേസ്റ്റ് രൂപത്തിലുള്ള ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം.

മുഖത്തെ ചുളിവുകള്‍ അകറ്റാനും പാടുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും കോഫി സഹായിക്കും. കോഫിയിലിടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും സഹായിക്കും. ഇതിനായി കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.

Description: Acne not solved yet? Here are some tips