പെരുവണ്ണാമുഴി ഡാമില്‍ വിനോദസഞ്ചാരികളായ സ്ത്രീയെയും മക്കളെയും അക്രമിച്ച കേസടക്കം വിവിധ കേസുകളിലെ പ്രതികള്‍ പോലീസ് പിടിയില്‍


പേരാമ്പ്ര: പെരുവണ്ണാമുഴി ഡാം സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികളായ സ്ത്രീയെയും മക്കളെയും അക്രമിച്ച കേസുള്‍പ്പടെ വിവിധ കേസുകളിലെ പ്രതിയായ അക്രമി സംഘം റിമാന്‍ഡില്‍. മുതുകാട് നിരന്തരം ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കിയ മഞ്ഞിലത്തിൽ അഖിൽ ബാലൻ(27), വാഴെപൊയിൽ സച്ചിൻ സജീവ്, വെള്ളാനിക്കുനിയിൽ രാഹുൽ രാജ്(27) എന്നിവരെയാണ്‌ അറസ്റ്റ് രേഖപ്പെടുത്തി പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയത്‌.

14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതികളെ കൊയിലാണ്ടി സബ് ജയിലിലേക്ക് മാറ്റി. പെരുവണ്ണാമുഴി ഡാം സന്ദർശിക്കാൻ എത്തിയ വിനോദസഞ്ചാരിയായ സ്ത്രീയെയും മക്കളെയും റോഡിൽ തടഞ്ഞുനിർത്തി അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത അഖില്‍ സത്യന്‍ സംഭവത്തിനുശേഷം ഒളിവിലായിരുന്നു. തുടര്‍ന്ന്‌
ജാമ്യത്തിനായി കേരള ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുന്‍കാല കേസുകള്‍ പരിഗണിച്ച് ഹൈക്കോടതി ഇയാള്‍ക്ക് ജാമ്യ നിഷേധിക്കുകയായിരുന്നു. ഈ കേസിലാണ് അഖിലിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്‌.

വധശ്രമ കേസുകളിലും അടിപിടി കേസുകളിലും ഉള്‍പ്പെട്ടവരാണ് മറ്റു രണ്ടു പ്രതികളായ സച്ചിൻ സജീവും രാഹുലും. മുതുകാട്ടിലുള്ള വിവാഹ വീട്ടിൽ വച്ച് സനിൽ എന്ന യുവാവിന്റെ തലയ്ക്ക് കല്ലുകൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മുതുകാട് കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ അക്രമി സംഘം പ്രവർത്തിക്കുന്നതായും, ഇവരെ അമർച്ച ചെയ്യുന്നതിലേക്കായി ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും പെരുവണ്ണാമഴി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ
സുഷീർ.കെ അറിയിച്ചു. ഇന്ന് അറസ്റ്റിലായ അഖിൽ ബാലൻ, സച്ചിൻ സജീവ് എന്നിവർക്കെതിരെ കാപ്പാ നിയമപ്രകാരം നടപടികൾ സ്വീകരിച്ചു വരികയാണെന്നും എസ്.എച്ച്.ഒ അറിയിച്ചു.