അമീബിക് മസ്തിഷക ജ്വരം; നീന്തല്‍ പരിശീലനത്തിന് ആശങ്ക, കുളങ്ങളുടെ ക്ലോറിനേഷന്‍ ഉറപ്പുവരുത്തുമെന്ന് കൊയിലാണ്ടി നഗരസഭ
പി.കെ രവീന്ദ്രനാഥന്‍ എഴുതുന്നു..
കൊയിലാണ്ടി: ജില്ലയില്‍ അമീബിക് മസ്തിഷക ജ്വരം റിപ്പോര്‍ട്ട് ചെയ്തതോടെ നഗരസഭയില്‍ നടത്താനിരുന്ന നീന്തല്‍ പരിശീനത്തിന് ആശങ്ക. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്ന് അമീബിക് മസ്തിഷ്‌ക ജ്വരം വരാന്‍ സാദ്ധ്യതയുള്ളതിനാല്‍ നീന്തല്‍ പഠിക്കാനും പഠിപ്പിക്കാനും ഭയമുണ്ടെന്ന് അധികൃതര്‍ പറയുന്നു.
സര്‍ക്കാര്‍ തലത്തില്‍ അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ ആപത്മിത്ര പദ്ധതിയിലൂടെ നീന്തല്‍ പരിശീലനം നടത്താന്‍ തയ്യാറെടുക്കുകയാണ് കൊയിലാണ്ടി നഗരസഭ. എന്നാല്‍ ജില്ലയില്‍ രണ്ടുപേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തതോടെ നീന്തല്‍ പരിശീനത്തിന് വലിയ ആശങ്കയാണ് നേരിടുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി കൊയിലാണ്ടി നഗരസഭനീന്തല്‍ പഠനത്തിന് വലിയ പ്രാധാന്യം നല്കി വരുന്നു. ആപത്മിത്ര പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ അഞ്ച് കുളങ്ങള്‍ നവീകരിച്ചിരുന്നു. മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളേയും നീന്തല്‍ പഠിപ്പിക്കാന്‍ വേണ്ടിയുള്ള പദ്ധതിയാണ് നഗരസഭ തയ്യാറാക്കിയതെന്ന് വൈസ് ചെയര്‍മാന്‍ അഡ്വ. സത്യനും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഷിജുവും പറഞ്ഞു.
കഴിഞ്ഞ മദ്ധ്യവേനലവധിയില്‍ കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തില്‍ മൂന്ന് ഗ്രൂപ്പുകളാണ് നീന്തല്‍ പഠിച്ചത്. 200 ഓളം കുട്ടികള്‍, ദേശീയ നീന്തല്‍ താരമായ ശ്രീരഞ്ജിനി നാരായണന്‍ നായരുടേയും പൊലീസ് ഉദ്യോഗസ്ഥനായ മീത്തല്‍ അജയ് കുമാറിന്റെയും നേതൃത്വത്തില്‍ പരിശീലനം നേടിയിരുന്നു.
രാവിലെ 7 മണി മുതല്‍ എട്ടര വരെയാണ് പരിശീലനം നടത്തിയത്. പത്ത് ദിവസം കൊണ്ട് നീന്തല്‍ പഠിക്കാന്‍ കഴിയുമെന്നാണ് പരിശീലകര്‍ പറയുന്നത്. പ്ലസ് വണ്‍ പ്രവേശനത്തില്‍ നീന്തലിന് ഗ്രേസ് മാര്‍ക്ക് നല്കിയിരുന്നു. പിന്നീട് നീന്തല്‍ പഠനത്തിനുള്ള ഗ്രേസ് മാര്‍ക്ക് പിന്‍വലിച്ചു.
നീന്തല്‍ പഠനത്തിന് ക്ലോറിനേറ്റ് ചെയ്ത സ്വിമ്മിംഗ് പൂളുകളാണ് ആവശ്യമെന്നും അതല്ലെങ്കില്‍ കുളങ്ങളുടെ ക്ലോറിനേഷന്‍ ഉറപ്പുവരുത്തി മാത്രമേ നീന്തല്‍ പരിശീലനം നടത്താവൂ എന്ന് അമീബിക് മസ്തിഷ്‌ക ജ്വരത്തെ കുറിച്ച് പഠിച്ച ഡോ:അബ്ദുള്‍ റ ഊഫ്, (പീഡിയാട്രീഷ്യന്‍, ബേബി മെമ്മോറിയല്‍ ആശുപത്രി) പറഞ്ഞിരുന്നു. ആരോഗ്യവകുപ്പിന്റേയും വിദഗ്ദരുടേയും നിര്‍ദ്ദേശപ്രകാരം നീന്തല്‍ പഠനത്തിന് സൗകര്യമൊരുക്കുമെന്ന് കൊയിലാണ്ടി നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ പറഞ്ഞു.
അമീബിക് മസ്തിഷ്‌ക ജ്വരം
കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം. വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുന്നവരില്‍ 26 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഈ രോഗം വരുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്