തലശ്ശേരി – മാഹി ബൈപാസിൽ അപകടം; നിര്‍ത്തിയിട്ട കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ചു, കരിയാട് സ്വദേശി സര്‍വ്വീസ് റോഡിലേക്ക്‌ വീണു മരിച്ചു


ന്യൂമാഹി: തലശ്ശേരി – മാഹി ബൈപ്പാസില്‍ ന്യൂമാഹി മങ്ങാട് ഭാഗത്തുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പാനൂര്‍ പുത്തൂര്‍ കണ്ണമ്പള്ളിയില്‍ താമസിക്കുന്ന കരിയാട് മാരാന്‍വീട്ടില്‍ മുഹമ്മദ് നസീറാണ് (35) മരിച്ചത്. ബൈപ്പാസില്‍ നിന്ന് താഴെയുള്ള സര്‍വ്വീസ് റോഡിലേക്ക് വീണാണ് നസീര്‍ മരിച്ചത്.

ബുധാഴ്ച രാത്രി 8.45ഓടെയാണ് അപകടം. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന നസീര്‍ ബൈപ്പാസ് എത്തിയപ്പോള്‍ കാര്‍ റോഡരികില്‍ നിര്‍ത്തിയശേഷം പുറത്തിറങ്ങിയിരിന്നു. ഈ സമയത്ത് നിയന്ത്രണം വിട്ട മറ്റൊരു കാര്‍ ഡിവൈഡറിലിടിച്ച ശേഷം നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ നസീര്‍ ബൈപ്പാസില്‍ നിന്ന് സര്‍വ്വീസ് റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു.

നസീറിനൊപ്പം കാറിലുണ്ടായിരുന്നു മറ്റു രണ്ടുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വാഹനങ്ങള്‍ കൂട്ടിയിടിച്ച ശബ്ദം കേട്ടതായി സമീപത്തെ വീട്ടുകാര്‍ പറഞ്ഞു. ഒപ്പം കുറച്ചു കഴിഞ്ഞ് താഴേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ടതെന്നും വീട്ടുകാര്‍ പറയുന്നു. നസീറിനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.