കൊയിലാണ്ടി നഗരത്തിലെ ഡിവൈഡറില്‍ തട്ടി വീണ്ടും വാഹനാപകടം; വാഹന യാത്രക്കാര്‍ക്ക് ഭീഷണിയായി ഡിവൈഡറുകള്‍


കൊയിലാണ്ടി: നഗരത്തിലെ ഡിവൈഡറില്‍ തട്ടിയുള്ള വാഹനാപകടങ്ങള്‍ തുടര്‍കഥയാവുന്നു. കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സൗന്ദര്യവല്‍ക്കരണത്തിനുമായി ദേശീയപാതയില്‍ സ്ഥാപിച്ച ഡിവൈഡറുകളാണ് വാഹന യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുന്നത്. ഇന്ന് രാത്രി ഏഴ് മണിക്ക് ഡിവൈഡറില്‍തട്ടി കാര്‍ അപകടത്തില്‍പെട്ടു. കഴിഞ്ഞ ദിവസവും സമാനമായ സംഭവമുണ്ടായിരുന്നു.

കോഴിക്കോടു നിന്ന് വടകരയിലേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. കാര്‍ ഡിവൈഡറില്‍ തട്ടി മറിയാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. അപകടത്തെ തുടര്‍ന്ന് നഗരത്തില്‍ നേരിയ ഗതാഗതക്കുരുക്കുണ്ടായി.

പാലക്കാട് നിന്ന് വരികയായിരുന്ന ബൈക്ക് യാത്രക്കാരനും സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ടിരുന്നു. മണിയൂര്‍ സ്വദേശി മൊയ്തീന്‍ (22) സഞ്ചരിച്ച ബൈക്ക് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ഡിവൈഡറുകള്‍ക്ക് മേലെ റിഫ്ളക്ടറുകള്‍ ഇല്ലാത്തതാണ് പ്രധാനമായി അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. കൂടാതെ വെളിച്ചക്കുറവും വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നു. ഈ പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കണ്ടില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഫെബ്രുവരി ആദ്യമാണ് കൊയിലാണ്ടി നഗരഹൃദയത്തിലെ ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാനായി കോണ്‍ക്രീറ്റ് ഡിവൈഡറുകള്‍ സ്ഥാപിച്ചത്. കോടതിക്ക് മുന്നിലുള്ള ഭാഗത്താണ് ഇവ സ്ഥാപിച്ചത്.

നേരത്തേ മണല്‍ച്ചാക്കുകള്‍ ഉപയോഗിച്ച് ഇവിടെ താല്‍ക്കാലിക ഡിവൈഡര്‍ സ്ഥാപിച്ചിരുന്നു. ഇത് ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് കണ്ടതിനെ തുടര്‍ന്നാണ് സ്ഥിരം ഡിവൈഡര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.