കൊയിലാണ്ടി നഗരത്തിലെ ഡിവൈഡര്‍ അപകടക്കെണിയാവുന്നു; ശനിയാഴ്ച മുതല്‍ ഇതുവരെയുണ്ടായത് അഞ്ച് അപകടങ്ങള്‍, സുരക്ഷാനടപടിയെടുക്കാതെ ദേശീയപാത അതോറിറ്റി, വ്യാപക പ്രതിഷേധം



കൊയിലാണ്ടി: നഗരത്തില്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഡിവൈഡര്‍ സ്ഥിരം അപകടക്കെണിയാവുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കൊയിലാണ്ടിക്കാര്‍ കാണുന്നത്. ഡിവൈഡറില്‍ തട്ടി വാഹനങ്ങള്‍ അപകടപ്പെടുന്നത് പതിവായിരിക്കുകയാണ്. പ്രത്യേകിച്ച് രാത്രി സമയത്ത്.

സ്ഥിരമായി ഒരേ സ്വഭാവത്തിലുള്ള അപകടം ഉണ്ടാവുമ്പോഴും അതിന് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ ദേശീയപാത അതോറിറ്റിയില്‍ നിന്നോ നഗരസഭയില്‍ നിന്നോ ട്രാഫിക് പൊലീസിന്റെ ഭാഗത്തുനിന്നോ ഉണ്ടാവുന്നില്ലയെന്ന വിമര്‍ശനം ശക്തമാണ്. ഡിവൈഡര്‍ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കാന്‍ ഇവിടെ സ്ഥാപിച്ച ബോര്‍ഡ് അടക്കം അപകടത്തില്‍ തകര്‍ന്ന നിലയിലാണ്. ഇത് പുനസ്ഥാപിക്കുകയോ വെളിച്ചത്തിന് താല്‍ക്കാലികമായെങ്കിലും സംവിധാനമുണ്ടാക്കുകയോ ചെയ്തിട്ടില്ല.

കൊയിലാണ്ടി താലൂക്ക് ആശുപത്രി പ്രധാന ഗേറ്റിന് മുന്‍ഭാഗത്തായാണ് ഡിവൈഡറുകള്‍ സ്ഥാപിച്ചത്. ഇവിടെ റോഡിന് ചെറിയൊരു വളവുണ്ട്. താലൂക്ക് ആശുപത്രിയ്ക്ക് മുന്‍പില്‍ വെളിച്ചവും കുറവാണ്. വിസിബിലിറ്റി കുറവായതിനാല്‍ ഡിവൈഡര്‍ കാണാതെ പോകുന്നതാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നതെന്നാണ് പ്രദേശത്തുകാര്‍ പറയുന്നത്.

തിങ്കളാഴ്ച മുതല്‍ എല്ലാദിവസവും രാത്രി ഇവിടെ അപകടങ്ങളുണ്ടായിട്ടുണ്ട്. തിങ്കളാഴ്ച മാരുതി 800 കാറാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച കിയ സെല്‍റ്റോസ് കാറും അപകടത്തില്‍പ്പെട്ടു. ബുധനാഴ്ച മാരുതി ബ്രസ് കാറും അല്പസമയത്തിനുശേഷം ഒരു കെ.എസ്.ആര്‍.ടി.സിയും ഇവിടെ അപകടത്തില്‍പ്പെട്ടു. ഇതിനു മുമ്പ് കഴിഞ്ഞ ശനിയാഴ്ചയും ഇവിടെ അപകടം നടന്നിരുന്നു. വെളിച്ചക്കുറവിനു പുറമേ മഴ കൂടി ആയതാണ് അപകട സാധ്യത വര്‍ധിപ്പിക്കുന്നതെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്.