കൊയിലാണ്ടിയില്‍ നിന്നും പോയി നടക്കാവിന്റെ സഖാവായ മാണിക്കോത്തുകണ്ടി നാരായണന്‍; വിടപറയുന്നത് ദേശാഭിമാനി പത്രത്തെ പതിറ്റാണ്ടുകളായി ഡയറിക്കുറിപ്പില്‍ അടയാളപ്പെടുത്തുന്ന പ്രചാരകന്‍
കൊയിലാണ്ടി: 2024 നവംബര്‍ മരണംവരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ചേര്‍ത്തുപിടിച്ച, ദേശാഭിമാനി പത്രത്തിന്റെ പ്രചരണത്തിനായി ജീവിതത്തിന്റെ വലിയൊരു കാലയളവ് ചെലവഴിച്ച പെരുവട്ടൂര്‍ മാണിക്കോത്തുകണ്ടി നാരായണന്‍ ഓര്‍മ്മയാവുകയാണ്. ദേശാഭിമാനി പത്രത്തോട് വല്ലാത്തൊരു അടുപ്പം കാണിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ദേശാഭിമാനി പത്രത്തെ അദ്ദേഹം സ്വന്തം ഡയറിക്കുറിപ്പുകളില്‍ അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്, ഓരോ ദിവസത്തെയും പ്രധാന വാര്‍ത്തകള്‍, എഡിറ്റോറിയല്‍ വിഷയങ്ങള്‍ ചെറുകുറിപ്പുകളാക്കി മാറ്റിക്കൊണ്ട്.
ഈ നവംബര്‍ ഒമ്പതിന് ദേശാഭിമാനി വായിച്ച അദ്ദേഹം ഡയറിയില്‍ കുറിച്ചു; ”ദേശാഭിമാനി എഡിറ്റോറിയല്‍: നോട്ടുനിരോധനം, വഞ്ചനയുടെ എട്ടാം വാര്‍ഷികം, കേന്ദ്രസര്‍ക്കാറിന്റെയും പ്രധാനമന്ത്രി മോദിയുടെയും മണ്ടന്‍ തീരുമാനത്തിന് വമ്പിച്ച വിമര്‍ശനം മോദി കേള്‍ക്കേണ്ടിവന്നു, ഇപ്പോഴും സ്ഥിതിക്ക് ഒരു മാറ്റവുമില്ല.” ഇതുവരെ വായിച്ച ദേശാഭിമാനി പത്രത്തെയെല്ലാം ഓരോ വരികളില്‍ സ്വന്തം ഡയറികളില്‍ ഇതുപോലെ അദ്ദേഹം അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്.
അടിയന്തരാവസ്ഥക്കാലത്ത് ഒളിവിലിരുന്ന് ദേശാഭിമാനി പത്രം വിതരണം ചെയ്ത ചരിത്രം അദ്ദേഹത്തിനുണ്ട്. രാവിലെ മറ്റെന്തെങ്കിലും ദേശാഭിമാനി പത്രം മുന്നിലുണ്ടാവണം. അതിലെ ഓരോ ദിവസത്തെയും എഡിറ്റോറിയലുകള്‍ ഡയറിയില്‍ കുത്തിക്കുറിച്ചുവെക്കും. പ്രായാധിക്യം കാരണം പല ബുദ്ധിമുട്ടുകളും അലട്ടിയപ്പോഴും അദ്ദേഹം ഈ പതിവ് ഒഴിവാക്കിയിരുന്നില്ലെന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്.
പെരുവട്ടൂര്‍ സ്വദേശിയാണെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രചാരകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം കോഴിക്കോട് നടക്കാവ് കേന്ദ്രീകരിച്ചായിരുന്നു. നടക്കാവിലെ റോയല്‍ ടയര്‍ എന്ന സ്ഥാപനം നാരായണന്റേതായിരുന്നു. അതിരാവിലെ കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോടേക്ക് ജോലി ആവശ്യത്തിന് പോകുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അവിടം കേന്ദ്രീകരിച്ചായിരുന്നു. റോയല്‍ ടയര്‍ മുന്‍കാലത്ത് ഒരു പാര്‍ട്ടി ഓഫീസ് പോലെയായിരുന്നു. നടക്കാവിലെയും പരിസരപ്രദേശങ്ങളിലെയും പാര്‍ട്ടി അനുഭാവികളും സഹയാത്രികരുമെല്ലാം ഒത്തുകൂടുകയും ചര്‍ച്ചകള്‍ നടത്തുകയുമൊക്കെ ചെയ്യുന്ന ഇടം. അക്കാലത്ത് നിരവധി ചെറുപ്പക്കാര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടരായതില്‍ മാണിക്കോത്തുകണ്ടി നാരായണന്റെ പ്രചോദനമുണ്ടായിരുന്നു. ഏറെക്കാലം അദ്ദേഹം സി.പി.ഐ.എം നടക്കാവ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു.
ജീവിച്ചിരുന്ന ഒരു വലിയ കാലയളവിലങ്ങോളം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ചേര്‍ത്തുപിടിക്കുകയും അതിന്റെ പ്രചരണത്തിനായി സ്വയം മുന്നിട്ടിറങ്ങുകയും ചെയ്തു അദ്ദേഹം. ഒരുപിടി ചരിത്ര ശേഷിപ്പിക്കുകള്‍ അവശേഷിപ്പിച്ചാണ് അദ്ദേഹത്തിന്റെ മടക്കം. അമേരിക്കന്‍ തെരഞ്ഞെടുപ്പും, സ്‌കൂള്‍ ഒളിമ്പിക്‌സും എന്നിങ്ങനെ ഈ നവംബറില്‍, അദ്ദേഹം ജീവിച്ച അവസാന ദിവസത്തെ വരെ സ്വന്തം ഡയറിക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയാണ് സഖാവ് നാരായണന്‍ യാത്രയാവുന്നത്.
Description: About Late manikkothkand Narayan’s personal life